nadakan-
മാണിയാട്ട് നാടക ഗ്രാമത്തിൽ വീടുകൾ തോറും കയറി നാടകം ക്ഷണിക്കുന്ന പ്രവർത്തകർ

മാണിയാട്ട് (കാസർകോട്): ബഹുജന പങ്കാളിത്തത്തോടെ മാണിയാട്ട് കോറസ് കലാസമിതി സംഘടിപ്പിക്കുന്ന പതിനൊന്നാമത് എൻ.എൻ. പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി സംഘാടകർ നാടകം ക്ഷണിക്കാൻ ഇറങ്ങി. 5 അംഗങ്ങൾ വീതമുള്ള 8 സംഘങ്ങളായി തിരിഞ്ഞാണ് വിവിധ ഗ്രാമങ്ങളിൽ കോറസ് നാടക കൂട്ടായ്മയിലെ പ്രവർത്തകർ വീടുകൾ കയറിയിറങ്ങി നാടകം ക്ഷണിച്ചത്. നാടക മത്സരം കാണുന്നതിനുള്ള ക്ഷണക്കത്തും പോസ്റ്ററുകളും വീടുകളിലുള്ളവർക്ക് കൈമാറി.

മാണിയാട്ട് നാടക ഗ്രാമത്തിൽ കഴിഞ്ഞ 10 വർഷമായി നടന്നുവരുന്ന നാടക മത്സരത്തിന്റെ ഭാഗമായി ഒട്ടേറെ അനുബന്ധ പരിപാടികളാണ് നടത്തിവരാറുള്ളത്. അതിൽ ഒന്നാണ് പുതുമയുള്ള നാടകം ക്ഷണിക്കൽ. മാണിയാട്ട്, ചന്തേര, തെക്കേ മാണിയാട്ട്, ചന്തേര പടിഞ്ഞാറക്കര എന്നീ പ്രദേശങ്ങളിലാണ് ഞായറാഴ്ച രാവിലെ മുതൽ പ്രവർത്തകർ നാടകം ക്ഷണിക്കാൻ ഇറങ്ങിയത്. സംഘാടക സമിതി ഭാരവാഹികളായ കെ. റിലേഷ്, ടി വി നന്ദകുമാർ, സി. നാരായണൻ, ഷിജോയ്, തമ്പാൻ കീനേരി, രാജേഷ്, പ്രസാദ്, ഹേന തമ്പാൻ, ഷീജ ഹരി, സി ഓമന, വനിതാ കമ്മിറ്റി അംഗങ്ങൾ, സബ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങി നിരവധി പ്രവർത്തകർ നേതൃത്വം നൽകി.

14 മുതൽ 22 വരെ നടത്തപ്പെടുന്ന നാടക മത്സരത്തിന്റെ ഒരുക്കങ്ങൾ സജീവമാണ്. എട്ട് മത്സര നാടകങ്ങളും ഒരു പ്രദർശന നാടകവും അരങ്ങേറും. 22 ന് വിജയരാഘവൻ സംവിധാനം നിർവ്വഹിക്കുന്ന മാണിയാട്ട് കോറസ് കലാസമിതിയുടെ പ്രദർശന നാടകം എൻ.എൻ പിള്ളയുടെ കണക്ക് ചെമ്പകരാമൻ അരങ്ങേറും.