കണ്ണൂർ: മുണ്ടേരിയിലെ മുദ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒരു സംസ്ഥാനതല പ്രോജക്ട്- മുദ്രകിരണം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. പദ്ധതി ഉദ്ഘാടനവും മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച മുദ്ര എസി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും സാഹിത്യകാരൻ എം. മുകുന്ദൻ നിർവഹിക്കും. മുദ്ര വിദ്യാഭ്യാസ പദ്ധതി ചെയർമാൻ മുൻ എം.പി കെ.കെ.രാഗേഷ് അദ്ധ്യക്ഷത വഹിക്കും. മുണ്ടേരി ക്ലസ്റ്റർ വിദ്യാലയങ്ങളിലെ 14 വിദ്യാലയങ്ങളും മുണ്ടേരി ഹയർ സെക്കൻഡറി സ്‌കൂളുമാണ് ഈ പദ്ധതിക്കുള്ളിൽ വരുന്നത്. ക്ലസ്റ്റർ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് വിജ്ഞാനം, കല, സാഹിത്യം, വിനോദം, സ്‌പോർട്‌സ്, സിനിമ, മാദ്ധ്യമം എന്നീ വിവിധ മേഖലകളിൽ മികച്ച രീതിയിലുള്ള പരിശീലനത്തിലൂടെ അഭിവൃദ്ധി നേടുകയാണ് മുദ്രാകിരണം പദ്ധതി ലക്ഷ്യമിടുന്നത്. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻ.ടി.പി.സി), റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (ആർ.ഇ.സി) എന്നീ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുകൾ പ്രയോജനപ്പെടുത്തിയാണ് ഓഡിറ്റോറിയവും ഡൈനിംഗ് ഹാളും നിർമ്മിച്ചിട്ടുള്ളത്. 2.826 കോടി രൂപ എൻ.ടി.പി.സിയും 2.7 കോടി ആർ.ഇ.സിയും സി.എസ്.ആർ ഫണ്ട് നൽകി. ആകെ 5.52600 കോടി രൂപയുടെ പദ്ധതിയാണ് കണ്ണർ ജില്ലാ പഞ്ചായത്ത് മുഖേന കണ്ണൂർ നിർമ്മിതി കേന്ദ്രം പൂർത്തീകരിച്ചത്. മുദ്രാ കിരണത്തിൽ ഉൾപ്പെടുന്ന വിവിധ പദ്ധതിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. പരിപാടിയിൽ കേരള ലളിത കലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, സിനിമ സംവിധായകൻ ആഷിക് അബു, സംഗീത സംവിധായകൻ രഞ്ചിൽ രാജ്, സിനിമാ താരങ്ങളായ ജയകൃഷ്ണൻ, ഗായത്രി വർഷ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ബദരിനാഥ് എന്നിവർ പങ്കെടുക്കും.

മുണ്ടേരി ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുന്ന മുദ്രാ ഓഡിറ്റോറിയം പൊതുജനങ്ങൾക്കും വിജ്ഞാനമേഖലയിൽ ഇടപെടുന്നവർക്കും വേണ്ട അത്യന്താധുനിക സൗകര്യങ്ങൾ ഉള്ളതാണ്. മികച്ച ഡോൾബി സൗണ്ട് സിസ്റ്റവും ഡിജിറ്റൽ മെഗാവാളും സജ്ജമാക്കിയിട്ടുണ്ട്. പൂർണമായി ശീതികരിക്കപ്പെട്ട ഓഡിറ്റോറിയത്തിൽ ആയിരം പേർക്കിരിക്കാവുന്ന ആധുനിക സിറ്റിംഗ് സൗകര്യമുണ്ട്. വിശാലമായ എ.സി ഡൈനിംഗ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്. സ്‌കൂളിൽ ബയോ ഡൈവേഴ്‌സിറ്റി പാർക്കും ഓപ്പൺ കലാപരിപാടികൾക്കായി ആംഫി തിയ്യേറ്ററും നിർമ്മാണ പുരോഗതിയിലാണ്.