
410 കോടിയുടെ കുടിവെള്ളപദ്ധതി അഞ്ച് പഞ്ചായത്തുകളിൽ
പയ്യന്നൂർ: എല്ലാ വീടുകളിലും ശുദ്ധജലമെന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികൾ സംയോജിപ്പിച്ച്
പയ്യന്നൂർ മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലായി 410 കോടി രൂപ ചെലവിൽ വാട്ടർ അതോറിറ്റി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി ലക്ഷ്യത്തോടടുക്കുന്നു. ഇതിനകം രാമന്തളി ഗ്രാമ പഞ്ചായത്തിൽ പൈപ്പ് ലൈൻ പൂർത്തീകരിച്ച് മുഴുവൻ വീടുകളിലും കണക്ഷൻ നൽകിക്കഴിഞ്ഞിട്ടുണ്ട്.
ചെറുപുഴ പഞ്ചായത്തിൽ ആകെയുള്ള 185 കി.മീ പൈപ്പ്ലൈനിൽ 49 കി.മീ.പൂർത്തിയായി. ബാക്കി പ്രവൃത്തികൾ ദ്രുതഗതിയിൽ നടക്കുകയാണ്. തൃക്കരിപ്പൂർ ആൻഡ് അഡ്‌ജോയിനിംഗ് പദ്ധതിയിൽ വരുന്ന കരിവെള്ളൂർ -പെരളം , കാങ്കോൽ -ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിൽ 435 കി.മീ നീളത്തിലുള്ള പൈപ്പ്ലൈനിൽ 230 കി.മീ ആണ് പൂർത്തിയായത്. കൂളിപ്പാറ , കൂട്ടപ്പുന്ന എന്നിവിടങ്ങളിൽ ടാങ്ക് നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. എരമം കുറ്റൂർ പഞ്ചായത്തിൽ 4211ഹൗസ് കണക്ഷൻ നൽകിയിട്ടുണ്ട്. ബാക്കി വരുന്ന ഹൗസ് കണക്ഷനുകൾ ഉടൻ നൽകും.
വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ ടി.ഐ.മധുസൂദനൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു.പയ്യന്നൂർ നഗരസഭ ചെയർപേഴ്‌സൺ കെ.വി.ലളിത , വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എഫ്.അലക്‌സാണ്ടർ , ടി.ആർ.രാമചന്ദ്രൻ , എം.വി.ഷൈമ , എ.വി.ലേജു , എം.വി.സുനിൽകുമാർ, പ്രൊജക്റ്റ് സബ് ഡിവിഷൻ അസി.എക്സി.എൻജിനീയർ സ്മിത നാരായണൻ, വാട്ടർ സപ്ലൈ സബ് ഡിവിഷൻ അസി.എക്സി: എൻജിനീയർ ഷീബ, പ്രൊജക്റ്റ് സബ് ഡിവിഷൻ അസി.എൻജിനീയർ അഭിജിത്ത്, പയ്യന്നൂർ വാട്ടർ സപ്ലൈ സെക്ഷൻ അസി.എൻജിനീയർ അബ്ദുൽ റഹ്മാൻ, ഫസ്റ്റ് ഗ്രേഡ് വാട്ടർ സപ്ലൈ സബ്ഡിവിഷൻ ഡ്രാഫ്റ്റസ്മാൻ കെ.വി.മനോജ്, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി.എൻജിനീയർ ശ്രീരാഗ് എന്നിവരും സംബന്ധിച്ചു.
ഇനി അമാന്തമരുത്
മാതമംഗലം തുമ്പത്തടം തടയണ നിർമ്മാണം വേഗത്തിലാക്കും
പെരിങ്ങോം - വയക്കരയിൽ 285 കി.മീ പൈപ്പ് സ്ഥാപിക്കലും നാല് ടാങ്കുകളുടെ നിർമ്മാണവും ഉടൻ
പയ്യന്നൂർ നഗരസഭയിൽ അമൃത് - 2 പദ്ധതിയിൽ ഉൾപ്പെടുത്തി 24 കോടി രൂപയുടെ പദ്ധതി ഉടൻ തുടങ്ങും
7000 വീടുകളിൽ ഹൗസ് കണക്ഷൻ ,പൈപ്പ് സ്ഥാപിക്കൽ, ചപ്പാരപ്പടവ് കിണർ നിർമ്മാണം എന്നിവ ഇതിലുണ്ട്
റോഡുകൾ വെട്ടിപ്പൊളിച്ച് പോകേണ്ട
പൈപ്പ് ലൈൻ പ്രവൃത്തിക്കായി കുഴിക്കേണ്ടിവരുന്ന പൊതുമരാമത്ത് ,ഗ്രാമീണ റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കാൻ കരാറുകാർക്ക് നിർദ്ദേശം നൽകും. റോഡുകൾക്ക് കേടുപാടുകൾ വരാത്ത വിധത്തിൽ കുഴി എടുക്കാനും ആവശ്യപ്പെടും. ഇതിനായി പൊതുമരാമത്ത് , വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ സംയുക്തപരിശോധനയുമുണ്ടാകും.