പയ്യന്നൂർ: പയ്യന്നൂർ കേന്ദ്രമായി സർക്കാർ അനുവദിച്ച കരിയർ ഡെവലപ്മെന്റ് സെന്റർ തുടങ്ങുന്നതിന് കണ്ടങ്കാളി വികസന സമിതി സൗജന്യമായി നൽകിയ 12 സെന്റ് ഭൂമി സർക്കാറിലേക്ക് റജിസ്ട്രർ ചെയ്ത് ഏറ്റെടുക്കുന്നതിന് അനുമതി ലഭിച്ചതായി ടി.ഐ. മധുസൂദനൻ എം.എൽ.എ. അറിയിച്ചു.
2022 -23 വർഷമാണ് പയ്യന്നൂർ കേന്ദ്രമായി കരിയർ ഡെവലപ്മെന്റ് സെന്റർ തുടങ്ങുന്നതിന് സർക്കാർ അനുമതിയായത്. വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനാവശ്യമായ സഹായങ്ങൾ , ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നതിനാവശ്യമായ പരിശീലനങ്ങൾ , ഉപരിപഠന അഭിരുചി മനസ്സിലാക്കാൻ സൈക്കോമെട്രിക് ടെസ്റ്റുകൾ , ഉപരിപഠന മേഖലയെ പരിചയപ്പെടുത്തൽ , നൂതന സാങ്കേതിക വിദ്യ ലഭ്യമാക്കൽ , വിവിധ തൊഴിൽ പരിശീലനങ്ങൾ, പി.എസ്.സി , യു.പി.എസ്.സി , സിവിൽ സർവ്വീസ് പരീക്ഷകൾക്കാവശ്യമായ പരിശീലനങ്ങൾ തുടങ്ങിയവയാണ് സെന്റർ കൊണ്ട് ലക്ഷ്യമിടുന്നത്.
ടി.ഐ.മധുസൂദനൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ സ്ഥലം കൈമാറുന്നതിനുള്ള നടപടികൾ അവലോകനം ചെയ്തു. നഗരസഭ കൗൺസിലർ എം.പ്രസാദ്, മുൻ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, കണ്ടങ്കാളി വികസന സമിതി ഭാരവാഹികളായ എൻ.വി.സുനിൽകുമാർ, സി.ഷിജിൽ, അംഗങ്ങളായ ടി.വി.നാരായണൻ, ടി.ബാലൻ, പി.പി.പ്രദീപൻ, എം.ഷാജിത്ത്, കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ (വി.ജി) രമേശൻ കുനിയിൽ , ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ മിഥുൻ ചന്ദ്രൻ, പയ്യന്നൂർ ബ്ലോക്ക് ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ബൈജുനാഥൻ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി: എൻജിനീയർ സുനോജ് ,വില്ലേജ് ഓഫീസർ എം.പ്രദീപൻ എന്നിവരും ഉണ്ടായിരുന്നു.