
കണ്ണൂർ: ഹോട്ടൽ വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കി വാടകയിലും ജി.എസ്.ടി വർദ്ധിക്കും. ഇനി മുതൽ വാടകയ്ക്ക് മേൽ പതിനെട്ടു ശതമാനം ജി.എസ്.ടി കൂടി വരുന്നതോടെ നടത്തിപ്പുകാർ വൻബാദ്ധ്യതയിലേക്ക്. കെട്ടിട ഉടമകൾക്ക് ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ലെങ്കിൽ വാടകക്കാരായ വ്യാപാരികൾ വാടകയ്ക്ക് 18 ശതമാനം ജി.എസ്.ടി നൽകണമെന്നാണ് ജി.എസ്.ടി കൗൺസിലിന്റെ പുതിയ തീരുമാനം. അടിക്കടിയുള്ള പാചകവാതക വിലക്കയറ്റം മൂലമുള്ള പ്രതിസന്ധിക്ക് പിന്നാലെയാണ് വാടകക്ക് മേലുള്ള ജി.എസ്.ടിയും വഹിക്കേണ്ടി വരുന്നത്.
കോമ്പൗണ്ടിംഗ് സ്‌കീമിലാണ് വ്യാപാരി രജിസ്‌ട്രേഷനെങ്കിൽ തുക കൈയിൽ നിന്നും നൽകേണ്ടിവരും. പലരും വാടകക്കരാറില്ലാതെ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ വസ്തുവിൽ എൻ.ഒ.സി ഉപയോഗിച്ച് ജി.എസ്.ടി രജിസ്‌ട്രേഷൻ എടുത്തവരാണ്.ഇവർ വസ്തുവിന്റെ വാടക കണക്കാക്കി അതിന് ജി.എസ്.ടി അടയ്‌ക്കേണ്ടി വരും. ഇത്തരത്തിൽ റിവേഴ്‌സ് ചാർജ് വഴി നികുതി അടയ്‌ക്കേണ്ടി വരുമ്പോൾ കോമ്പൗണ്ടിംഗ് രീതിയിൽ രജിസ്‌ട്രേഷൻ എടുത്തിട്ടുള്ളവർക്ക് നഷ്ടം വരും. മറ്റുള്ളവർക്ക് ഈ തുക ഇൻപുട്ട് ക്രെഡിറ്റ് ആയി തിരിച്ചു കിട്ടുമ്പോൾ കോമ്പൗണ്ടിംഗ് സ്‌കീമിലെ വ്യാപാരികൾക്ക് നഷ്ടം വരും.
മാറ്റത്തിൽ വലയും
ജി.എസ്.ടി ഡിപ്പാർട്ട്മെന്റിൽ ജി.എസ്.ടി അടച്ച് കഴിഞ്ഞാൽ അത് തിരിച്ചെടുക്കാൻ സാധിച്ചിരുന്നു.എന്നാൽ ഇനിമുതൽ സേവനമേഖലയിലുള്ളവർക്ക് ഇൻപുട്ട് ക്രെഡിറ്റ് ഉണ്ടാവില്ല.കോമ്പൗണ്ടിംഗ് സ്കീം പ്രകാരം സേവനമേഖലയിൽ ലുള്ളവർക്ക് അഞ്ചു ശതമാനം ജി.എസ്.ടിയും മറ്റുള്ളവർക്ക് ഒരു ശതമാനം ജി.എസ്.ടി യുമാണ് അടക്കേണ്ടത്. നേരത്തെ രജിസ്റ്റേഡ് അല്ലാത്ത ബിൽഡിംഗ് ഉടമകൾ 10,000 രൂപ കൊടുത്താൽ മതിയെങ്കിൽ ഇനിമുതൽ പതിനായിരത്തിന് പുറമെ 18 ശതമാനം ജി.എസ്.ടിയും നൽകേണ്ടതുണ്ട്.
വ്യത്യാസം ഇങ്ങനെ
നേരത്തെ ₹10000
ഇനി മുതൽ ₹10018
നഷ്ടം ചെറുകിടക്കാർക്ക്
ഇതോടെ ഏറ്റവും ദുരിതം അനുഭവിക്കുന്നത് ചെറുകിട ഹോട്ടൽ വ്യാപാരികളാണ്. ജില്ലയിൽ അയ്യായിരത്തോളം ഹോട്ടലുകളുണ്ട്. ഇവയിൽ മിക്കവയും വാടകകെട്ടിടത്തിലാണ് പ്രവർക്കുന്നത്. തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങൾക്കും വാടക നൽകണം. അരലക്ഷത്തോളം തൊഴിലാളികൾ ഹോട്ടൽ മേഖലയെ ആശ്രയിച്ച് പ്രവർത്തിക്കുന്നുണ്ട്. പുതിയ തീരുമാനത്തിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിഷേധനവുമായി രംഗത്ത് വന്നിട്ടുണ്ട്. ആദ്യപടിയായി ഇന്ന് എല്ലാ ജില്ലകളിലെയും ജി.എസ്.ടി ഓഫീസിനു മുന്നിൽ ധർണ്ണയും ഡിസംബറിൽ പാർലമെന്റ് മാർച്ചും സംഘടിപ്പിക്കാനാണ് അസോസിയേഷന്റെ നീക്കം.
ഹോട്ടൽ വ്യവസായത്തിൽ എല്ലാ മേഖലയിലും പീഡിപ്പിക്കപ്പെടുകയാണ്.18 ശതമാനം ജി.എസ്.ടി എന്നത് അംഗീകരിക്കാൻ കഴിയില്ല.സർക്കാർ ജി. എസ്. ടി അപാകത പരിഹരിക്കണം. ഹോട്ടലുകളെ എം. എസ്. എം. ഇയിലേക് ചേർക്കണമെന്ന് കേന്ദ്രസർക്കാർ ഉത്തരവുണ്ടെങ്കിലും ,സംസ്ഥാന സർക്കാരിൻറെ സാമ്പത്തിക പ്രതിസന്ധി കാരണം അത് നടപ്പിലാക്കാൻ കഴിയാതെ വരികയാണ്. വിലക്കയറ്റം ദിനംപ്രതി വർദ്ധിക്കുമ്പോഴുംപൊതു വിപണിയെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയാത്തതും വലിയ വീഴ്ചയാണ്. ബാലകൃഷ്ണ പൊതുവാൾ,സംസ്ഥാന ജനറൽ സെക്രട്ടറി,ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ