sakhi

ആറുമാസമായി ജീവനക്കാർക്ക് ഓണറേറിയമില്ല

കണ്ണൂർ: അത്രിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സഹായം നൽകുന്നതിനായി കേന്ദ്ര – സംസ്ഥാന വനിതാശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററുകൾ പ്രതിസന്ധിയിലേക്ക്. ജീവനക്കാർക്കുള്ള ഓണറേറ്റിയം നിലച്ചതോടെയാണ് സെന്ററുകളുടെ പ്രവർത്തത്തെ ബാധിച്ചിരിക്കുന്നത്. ജീവനക്കാർക്ക് ഓണറേറ്റിയം ലഭിച്ചിട്ട് ആറുമാസത്തോളമായി.

കണ്ണൂർ ജില്ലയിലെ ഏകസഖി വൺ സ്റ്റോപ്പ് സെന്ററിലെ ജീവനക്കാർ കഴിഞ്ഞ ആറ് മാസമായി ഓണറേറിയത്തിനായി കാത്തുകെട്ടിക്കിടക്കുകയാണ്. മതിയായ ഫണ്ട് ലഭ്യമാകാത്തതിനാൽ മേയ് മുതലുള്ള ഓണറേറിയമാണ് മുടങ്ങിക്കിടക്കുന്നത്.

കൈകുഞ്ഞുങ്ങൾ ഉൾപ്പടെ നിരന്തരം വൈദ്യസഹായം ആവശ്യമായി വരുന്നവരാണ് കൂടുതലും സെന്ററിൽ എത്തുന്നത് .മേയ് മുതൽ ഇതുവരെയായി കണ്ണൂരിലെ സെന്ററിൽ പോക്‌സോ അതിജീവിതർ ഉൾപ്പടെ 40 പേർക്ക് അഭയം നൽകിയിട്ടുണ്ട്. ഫണ്ട് ലഭ്യമല്ലാത്തതിനാൽ അതിജീവിതർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങൾക്കുമായി ജീവനക്കാർ തങ്ങളുടെ കൈയിൽ നിന്നും പണമെടുത്ത് ചിലവിടുകയായിരുന്നു.

സഖി ജില്ലാ സെന്ററുകളിൽ ജീവനക്കാർ 12

കണ്ണൂർ സെന്ററിൽ 9

ചിലവേറും സേവനം

ഓഫീസിലെ ആവശ്യങ്ങൾക്കും സാധനസമഗ്രികൾ വാങ്ങുന്നതിനും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ജീവനക്കാർ. ഇവരിൽ പലരും ദൂരദിക്കിൽ നിന്നാണ് സെന്ററിലേക്ക് വന്നു പോകുന്നത്. യാത്രയടക്കമുള്ളവയ്ക്ക് ചിലവ് ഏറെയാണ്. ഇതിന് പുറമെ 24 മണിക്കൂറും പ്രവർത്തിക്കേണ്ട സെന്ററിൽ താമസിക്കുന്ന ജീവനക്കാർ അവരുടെ ഭക്ഷണം മറ്റ് ചെലവുകൾ എന്നിവയ്ക്ക് ബുദ്ധിമുട്ടുകയാണ്. എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലിയിൽ പ്രവേശിച്ച വിധവകളുൾപ്പെടെയുള്ള ജീവനക്കാർക്കും കാലാവധി അവസാനിച്ച് വിട്ടു പോയവ‌ർക്കും ഓണറേറിയം കുടിശ്ശികയാണ് . സെന്ററിലെ വൈദ്യുതി ,ഫോൺ ബിൽ

എന്നിവയും ജീവനക്കാർ തന്നെ അടക്കേണ്ട സാഹചര്യമാണ്.

ചുമതലകൾ ചെറുതല്ല

അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസിലിംഗ്,നിയമം,പൊലീസ്,മെഡിക്കൽ സഹായം

അതിജീവിതരെ അഞ്ച് ദിവസം വരെയും ചില അടിയന്തിര സാഹചര്യങ്ങളിൽ അതിൽ കൂടുതലും സംരക്ഷിക്കണം

ഈ കാലയളവിൽ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കി നൽകണം.

സെന്ററിലേക്ക് വരുന്ന പരാതിയിൽ തുടരന്വേഷണത്തിന് ഫീൽഡ് വിസിറ്റ് നടത്തണം

അതിജീവിതർക്കുള്ള സഹായങ്ങൾ ഒരു കുടക്കീഴിൽ

ഗാർഹിക പീഡനം ഉൾപ്പടെ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് വേണ്ട താമസവും കൗൺസിലിംഗും നിയമ സഹായങ്ങളും ഉൾപ്പടെയുള്ളവ ഒരു കുടക്കീഴിൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വൺ സ്റ്റോപ്പ് സെൻർ പ്രവർത്തിക്കുന്നത്.അടിയന്തിര ഇടപെടൽ നടത്തുന്ന സെന്ററിൽ എഫ്.ഐ.ആർ, എൻ.സി.ആർ, ഡി.ഐ.ആർ എന്നിവ ഫയൽ ചെയ്യുന്നതിനായി പൊലീസ്, വനിത സംരക്ഷണ ഓഫീസർ തുടങ്ങിയവരുടെ സേവനം ലഭിക്കും. വീഡിയോ കോൺഫറൻസ് മുഖേന മൊഴി കൊടുക്കാനും സൗകര്യമുണ്ട്.താൽക്കാലിക അഭയം ആവശ്യമുള്ളവർക്ക് അഞ്ച് ദിവസം വരെയാണ് പാർപ്പിടവും നൽകും.