കണ്ണൂർ: വില്പനക്കെന്ന പേരിൽ സ്ഥലം കാണിച്ച് തരാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി വ്യാപാരിയുടെ കാറും പണവും തട്ടിയെടുത്ത കേസിൽ നാലുപേർ അറസ്റ്റിൽ. കാട്ടാമ്പള്ളി സ്വദേശി പി.ടി.റഹീം, സൂരജ്, അജിനാസ്, റാസിഖ് എന്നിവരെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 10.30 തോടെയാണ് കേസിനാസ്പദമായ സംഭവം. വ്യാപാരിയായ ചേടിച്ചേരി സ്വദേശി കെ.പി.ഹംസയുടെ(64) പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇന്നലെ രാവിലെ ചിറക്കലിൽ സ്ഥലം കാണിച്ച് തരാമെന്ന് പറഞ്ഞ് ഒന്നാം പ്രതിയായ റഹീം പരാതിക്കാരനെ കൂട്ടികൊണ്ട് പോകുകയായിരുന്നു. തുടർന്ന് ചിറക്കൽ എത്തിയപ്പോൾ മൂന്ന് പേർ കൂടെ വരികയും തടഞ്ഞ് വച്ച് വൃദ്ധനെ അടിച്ച് പരിക്കേൽപ്പിച്ചു. പരാതിക്കാരന്റെ 5.5 ലക്ഷം രൂപ വില വരുന്ന കാറും കാറിന്റെ ഡാഷ്‌ബോർഡിൽ സൂക്ഷിച്ച 2,66,000 രൂപയും 1,65,000 രൂപ വില വരുന്ന റാഡോ വാച്ചും പ്രതികൾ തട്ടിയെടുത്തു. തുടർന്ന് വ്യാപാരിയെ ഭീഷണിപ്പെടുത്തി വഴിയിൽ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. ഹംസ വളപട്ടണം പൊലീസിൽ എത്തി പരാതി നൽകിയതിനെ അന്വേഷണം നടത്തിവരവെയാണ് പ്രതികൾ പിടിയിലായത്.