
കണ്ണൂർ: കമ്മ്യൂണിസ്റ്റ് നേതാവ് എൻ.സി ശേഖറിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്‌കാരം നടൻ മധുവിന്. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനേതാവ്,സ്വാതന്ത്ര്യസമര സേനാനി,പാർലമെന്റേറിയൻ,ട്രേഡ് യൂനിയൻ സംഘാടകൻ,എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ പ്രഗത്ഭനായ എൻ.സി.ശേഖറുടെ സ്‌മരണാർത്ഥം എൻ.സി.ശേഖർ ഫൗണ്ടേഷൻ നൽകി വരുന്നതാണ് പുരസ്‌കാരം. പുരസ്കാര സമിതി ചെയർമാൻ എം.വി.ഗോവിന്ദൻ,കൺവീനർ ഡോ.വി.പി.പി.മുസ്‌തഫ,ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ഇടയത്ത് രവി,കവിയും മാദ്ധ്യമപ്രവർത്തകനുമായ എൻ.പ്രഭാവർമ്മ എന്നിവരുൾപ്പെട്ട കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.10,000രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്ന പുരസ്‌കാരം എൻ.സി.ശേഖറുടെ മുപ്പത്തിയെട്ടാമത് ചരമവാർഷികം പ്രമാണിച്ച് ഡിസംബർ നാലിന് തിരുവനന്തപുരത്തെ മധുവിന്റെ വസതിയിൽ വച്ച് നൽകും. വാർത്താസമ്മേളനത്തിൽ എം.വി.ഗോവിന്ദൻ,ഡോ.വി.പി.പി മുസ്തഫ,ഇടയത്ത് രവി എന്നിവർ പങ്കെടുത്തു.