
കാഞ്ഞങ്ങാട്: വൈസ് ചാൻസിലറായിരുന്ന പ്രൊഫ. എച്ച്.വെങ്കിടേശ്വരലുവിന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്ക് സ്ഥിരനിയമനം ഇനിയുമായില്ല. കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സർവകലാശാലയിൽ സേർച്ച് കമ്മിറ്റിയെ നിയോഗിക്കേണ്ടതും അവർ തയാറാക്കുന്ന പാനലിൽ നിന്ന് നിയമനം നടത്തേണ്ടതും രാഷ്ട്രപതിയാണ്. കഴിഞ്ഞ ജനുവരിയിൽ വിജ്ഞാപനം പുറത്തിറങ്ങിയത് മാത്രമാണ് ഇക്കാര്യത്തിലുള്ള പുരോഗതി.
കേന്ദ്ര സർവകലാശാല വി.സിയായിരുന്ന പ്രൊഫ.എച്ച്.വെങ്കിടേശ്വരലു അന്തരിച്ചത് കഴിഞ്ഞ വർഷം ഒക്ടോബർ 28നാണ്. ചികിത്സയിലായിരുന്ന രണ്ടുമാസം തൊട്ട് പ്രൊഫ.കെ.സി. ബൈജുവും അദ്ദേഹം സ്ഥാനമൊഴിഞ്ഞ ശേഷം പ്രൊഫ.വിൻസെന്റ് മാത്യുവുമാണ് വിസിയുടെ ചുമതല നിർവഹിച്ചത്. വിസി സ്ഥാനത്തേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിജ്ഞാപനം കഴിഞ്ഞ ജനുവരിയിലാണ് പുറത്തിറങ്ങിയത്.
സ്ഥിരം വൈസ് ചാൻസലർ ഇല്ലാത്തത് ഇനിയും ബാലാരിഷ്ടത മാറാത്ത കേന്ദ്രസർവകലാശാലയുടെ വികസനത്തെ ബാധിക്കുന്നുണ്ടെന്നതാണ് സത്യം.പലതവണ കൈയെത്തും ദൂരത്തെത്തിയ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ മുൻകൈയെടുക്കാൻ ഇതുമൂലം സാധിക്കുന്നില്ല.
കേന്ദ്ര സർവകലാശാല വി.സി നിയമനം നടപടിക്രമങ്ങൾ
1.കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കണം
2.സേർച്ച് കമ്മിറ്റിയെ നിയോഗിക്കണം
3.അപേക്ഷകളിൽ സേർച്ച് കമ്മിറ്റിയുടെ സൂക്ഷ്മപരിശോധന
4. ചുരുക്കപ്പട്ടികയിൽ നിന്ന് അഭിമുഖം നടത്തി പാനൽ തയ്യാറാക്കണം
5.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പാനൽ രാഷ്ട്രപതിക്ക് സമർപ്പിക്കണം
6.പാനലിൽ നിന്ന് രാഷ്ട്രപതി പുതിയ വി.സിയെ നിയമിക്കും
അപേക്ഷകൾ 223
നിയമനം അഞ്ചുപേർക്ക്
2019 ൽ വിസി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ രാജ്യവ്യാപകമായി 223 അപേക്ഷകളാണ് ലഭിച്ചത്. സേർച്ച് കമ്മിറ്റി തയ്യാറാക്കിയ 16 പേരുടെ ചുരുക്കപ്പട്ടികയിൽ അഭിമുഖം നടത്തി അഞ്ചുപേരുടെ പാനലാണ് അന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് സമർപ്പിച്ചത്. എന്നാൽ പല കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഈ പേരുകളെല്ലാം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് തള്ളി. തള്ളിയ 207 അപേക്ഷകൾ വീണ്ടും സൂക്ഷ്മപരിശോധന നടത്തി നടപടിക്രമങ്ങൾ ആവർത്തിച്ചു. പത്തു പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ഇതിലുൾപ്പെട്ടവരുടെ അഭിമുഖം നടത്തി വീണ്ടും അഞ്ചുപേരുടെ പാനൽ തയ്യാറാക്കിയാണ് രാഷട്രപതിക്ക് സമർപ്പിച്ചത്. ഈ പാനലിൽ നിന്നാണ് പ്രൊഫ.വെങ്കിടേശ്വരലുവിനെ രാഷ്ട്രപതി നിയമിച്ചത്. ഇതിനെതിരെ ആദ്യ പട്ടികയിൽ ഉൾപ്പെട്ട ചിലർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും നിയമനം സുപ്രീംകോടതി ശരിവെച്ചു. ഇതിന് മുമ്പ് വിസിയായിരുന്ന ഡോ.ജി.ഗോപകുമാറിനെയും സമാനമായ നടപടിക്രമങ്ങളിലൂടെയാണ് നിയമിച്ചത്. എന്നാൽ സർവകലാശാലയുടെ ആദ്യ വിസിയായിരുന്ന ഡോ.ജാൻസി ജയിംസിനെ രാഷ്ട്രപതി നേരിട്ട് നിയമിച്ചതാണ്.