1

കാസർകോട്: കായ്ച്ചുനിൽക്കുന്ന ചെറുതും വലുതുമായ ഇരുപതോളം നെല്ലിമരങ്ങൾ നിറഞ്ഞ വലിയപൊയിൽ നാലിലാങ്കണ്ടം ഗവ.യു.പി സ്കൂളിന്റെ ഉത്സവമാണ് നെല്ലിക്ക വിളവെടുപ്പ്. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരുമെല്ലാം കൂടി ആവേശതിമർപ്പോടെ ഇന്നലെ പറിച്ചെടുത്തത് മൂന്നു ക്വിന്റൽ നെല്ലിക്കയാണ്.

കഴിഞ്ഞ പത്തുവർഷമായി ഉത്സവാന്തരീക്ഷത്തിലാണ് ഈ സ്കൂളിൽ നെല്ലിക്ക പറിക്കൽ നടന്നുവരുന്നത്.പണ്ടുതൊട്ടെ സ്കൂളുകളിൽ നെല്ലിമരങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും ഇത്രയും നെല്ലിമരങ്ങൾ ഉള്ള സ്കൂൾ കോമ്പൗണ്ട് വേറെയുണ്ടാകില്ലെന്ന് തന്നെ പറയാം. വെറുതെ താഴെ പറിച്ചിടുന്ന ചടങ്ങല്ല ഇവർക്ക് ഇത്. നാടൻ പാട്ടുകളും അതിന്റെ രംഗാവിഷ്‌കാരവും നൃത്തനൃത്യങ്ങളുമൊക്കെയായി വിളവെടുപ്പ് ആകെ കൊഴുക്കാറുണ്ട്.

എല്ലാ കുട്ടികളുടെയും നാട്ടുകാരുടേയും വീടുകളിലേക്ക് ഒരു കിലോ വീതം നെല്ലിക്കയാണ് നാലിലാങ്കണ്ടം സ്കൂൾ നൽകുന്നത് . ഹെഡ്മിസ്ട്രസ് സി എസ്.ശശികല പി.ടി.എ പ്രസിഡന്റ് എം.വി സന്തോഷ് , എം.പി.ടി.എ പ്രസിഡന്റ് എ.ശൈലജ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഇക്കുറി വിളവെടുപ്പ്.

അഞ്ചേക്കറിൽ വിശാലമായ ജൈവ വൈവിദ്ധ്യ പാർക്കുള്ള സ്‌കൂളിൽ അപൂർവയിനം വൃക്ഷങ്ങളും ഔഷധസസ്യങ്ങളുമുണ്ട്. മുസമ്പി അടക്കമുള്ള ഫലസസ്യങ്ങൾ വേറെയും. അപൂർവ പക്ഷികളുടേയും ഉരഗങ്ങളുടേയുമടക്കം ആവാസഭൂമി കൂടിയാണ് നാലിലാങ്കണ്ടം സ്കൂൾ കോമ്പൗണ്ട്.


ഒരു കല്ലു പോലും വീഴില്ല

ഒരു വമ്പൻ മരമടക്കം ഇരുപതോളം നെല്ലികളിൽ കൗതുകത്തിനായി പോലും കുട്ടികൾ എറിയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. കുട്ടികൾ തന്നെയാണ് നെല്ലികളുടെ കാവൽക്കാർ.കല്ലുകൊണ്ടാൽ നെല്ലിക്കയ്ക്ക് വേദനിക്കുമെന്ന് നിഷ്കളങ്കതയോടെ കുട്ടികൾ പറയും.നിലത്ത് വീണ നെല്ലിക്ക മാത്രം പെറുക്കിയെടുക്കും. നേരത്തെ ശിശുദിനത്തിലായിരുന്നു വിളവെടുപ്പ്.ഇക്കുറി ഒരു ദിവസം നേരത്തെയാക്കി.

കാലാവസ്ഥ വ്യതിയാനവും നാടിന്റെ ജൈവ വൈവിദ്ധ്യവുമാണ് നെല്ലിമരങ്ങൾ സ്‌കൂൾ വളപ്പിൽ വളരാനിടയായത്. ഒരു വർഷം കൊണ്ടും രണ്ട് വർഷം കൊണ്ടും കായ്ക്കുന്ന മരങ്ങളുണ്ട്. കുട്ടികളുടെ പരിചരണമാണ് നെല്ലിമരങ്ങളുടെ ജീവൻ.

എം.വി സന്തോഷ് (പി.ടി.എ പ്രസിഡന്റ്)


ജൈവ വൈവിദ്ധ്യ ഉദ്യാന സംരക്ഷണത്തിൽ സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയമാണിത്. നിറഞ്ഞ് നിൽക്കുന്ന നെല്ലിമരങ്ങൾ സ്‌കൂളിനെ വിത്യസ്തമാക്കുന്നു.

സി.എസ് ശശികല (പ്രധാനദ്ധ്യാപിക)

ഇന്ത്യൻ ഗൂസ് ബെറി

ഇന്ത്യൻ ഗൂസ്‌ബെറി എന്ന നെല്ലിക്ക പോഷകങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയാണ്. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടിയാണ് ഇത് നെല്ലിക്കയിൽ. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്