കൂത്തുപറമ്പ്: വലിയവെളിച്ചം വ്യവസായ കേന്ദ്രത്തിൽ പുതിയതായി സ്ഥാപിക്കാൻ കെ.എസ്.ഐ.ഡി.സി അനുമതി നൽകിയ അമോണിയം പ്ലാന്റിനെതിരെ വലിയ വെളിച്ചം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു. 15 ന് കെ.എസ്.ഐ.ഡി.സിയിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടക്കും.
കോൺക്രീറ്റ് മിക്സിംഗ് പ്ലാന്റിനും അമോണിയം പ്ലാന്റിനുമാണ് കെ.എസ്.ഐ.ഡി.സി പുതുതായി അനുമതി നൽകിയത്. നിലവിൽ ഒന്നിൽ അധികം മിക്സിംഗ് പ്ലാന്റുകൾ വലിയ വെളിച്ചത്ത് പ്രവർത്തിക്കുന്നുണ്ട്. അവ ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ തന്നെ പരിഹരിക്കാതെ കിടക്കുമ്പോഴാണ് പുതിയവ സ്ഥാപിക്കാൻ അനുമതി നൽകിയിരിക്കുന്നതെന്നാണ് സംരക്ഷണ സമിതി ആരോപിക്കുന്നത്.
വ്യവസായ കേന്ദ്രത്തിൽ അമോണിയം പ്ലാന്റിന് അനുമതി നൽകിയ സ്ഥലത്തിന് തൊട്ടടുത്തായി വ്യവസായ കേന്ദ്രത്തിന് പുറത്തുള്ള റവന്യു ഭൂമിയിൽ ലാറ്റക്സ് കമ്പനിക്കും അനുമതിയായിട്ടുണ്ട്. പുതുതായി ഒരു വ്യവസായം തുടങ്ങുമ്പോൾ അതിനാവശ്യമായി പാരിസ്ഥിതികാഘാത പഠനമോ മറ്റു നിയമപരമായ നടപടി ക്രമങ്ങളോ പാലിക്കാതെയാണ് പ്രവർത്തനാനുമതി നൽകുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി. പരാതികൾ നൽകിയിരുന്നുവെങ്കിലും
നടപടികൾ ഉണ്ടാകാതെ സാഹചര്യത്തിലാണ് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുന്നതെന്നും
ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റെഡ് കാറ്റഗറിയിൽ പെട്ട അമോണിയം കമ്പനി സ്ഥാപിക്കുമ്പോൾ ജനവാസ കേന്ദ്രങ്ങളിൽ നിന്നും നിശ്ചിത അകലം പാലിച്ചിരിക്കണം എന്ന വ്യവസ്ഥയുണ്ട്. കമ്പനി സ്ഥാപിക്കുന്ന നൂറ് മീറ്റർ പരിധിയിൽ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജും അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. വാർത്താസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ പി.ഗംഗാധരൻ, കെ.ഹരീഷ്, കെ.ഷിജിൻ, കെ.ജിജിന പങ്കെടുത്തു.