പാപ്പിനിശ്ശേരി: ദേശീയപാതയിൽ പാപ്പിനിശ്ശേരി എ.പി.ജെ. അബ്ദുൾ കലാം ആസാദ് പാർക്കിന് എതിർവശത്ത് നിരവധി ടാങ്കർ കക്കൂസ് മാലിന്യം ഒഴുക്കി. ബുധനാഴ്ച രാവിലെ പാതയിലൂടെ കടന്നു പോയവരും സമീപത്തെ തട്ടുകടക്കാരും രൂക്ഷമായ ദുർഗന്ധം വ്യാപിച്ചതോടെ യാണ് അന്വേഷണം തുടങ്ങിയത്. തുടർന്നാണ് പാർക്കിന് എതിർവശത്തെ പാതക്കരികിൽ മാലിന്യം ഒഴുക്കിവിട്ടത് കണ്ടെത്തിയത്. മുന്നൂറ് മീറ്റർ ചുറ്റളവിൽ രൂക്ഷമായ ദുർഗന്ധം വൈകീട്ടും പരക്കുന്നുണ്ട്.
കക്കൂസ് മാലിന്യം ഒഴുക്കിവിട്ടതിന് സമീപം ചാക്കുകളിലും മറ്റും നിറച്ച മാലിന്യങ്ങളും കുമിഞ്ഞ് കൂടിയിട്ടുണ്ട്. ഇതിന് സമീപത്ത് തന്നെയാണ് കണ്ണൂർ ഭാഗത്തേക്കുള്ള യാത്രക്കാരുടെ ബസ് കാത്തിരിപ്പ് കേന്ദ്രവും. ഇവിടെ മാലിന്യം തള്ളുന്നവരെ പിടികൂടാൻ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. ക്യാമറക്ക് മുന്നിൽ ഒരു തരം പ്രാണി കൂട് കൂട്ടിയിരിക്കുന്നതിനാൽ ക്യാമറ ദൃശ്യവും ലഭിക്കാത്തവസ്ഥയാണ്. 2019 വരെ പ്രദേശത്ത് വൻതോതിൽ മാലിന്യം തള്ളുന്ന മേഖലയായിരുന്നു പാപ്പിനിശ്ശേരി ദേശീയപാതയോരം. എന്നാൽ 2019 അവസാനം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്യാമറ സ്ഥാപിച്ച് നിരവധി സാമൂഹ്യവിരുദ്ധരെ പിടികൂടിയിരുന്നു.