photo-

കണ്ണൂർ: ആറുമാസം,​ 2,​500 വായനാ വീടുകൾ,​ 15,000 പുസ്തക ചർച്ചകൾ... സ്മാർട്ട് ഫോണിനും ഇന്റർനെറ്റിനും പിറകേ പായുന്ന പുതിയ കാലത്ത് വായനാവിപ്ലവം സൃഷ്ടിക്കുകയാണ് പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ. വീട്ടുമുറ്റ പുസ്തക ചർച്ച "വായനായനം" ആണ് ഒരു നാടിന്റെ വായനാവിപ്ലവമായി മാറുന്നത്. വീട്ടുമുറ്റങ്ങളിലെ പുസ്തക ചർച്ചകളിൽ പങ്കെടുക്കാൻ രാത്രി വൈകിയും കുട്ടികൾ മുതൽ വൃദ്ധർ വരെ എത്തും.

സെപ്തംബർ ആദ്യവാരമാണ് പദ്ധതി ആരംഭിച്ചത്. വായനശാലകൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്താം. ഏറെ ആവേശത്തോടെയാണ് എല്ലാവരും പങ്കെടുക്കുന്നത്. പുസ്തകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോട്ടുബുക്കിൽ കുറിച്ചും പരസ്പരം അഭിപ്രായങ്ങൾ പങ്കിട്ടും അന്യം നിന്നുപോകുന്ന വായനയെ ഒരു ദേശമൊന്നാകെ തിരിച്ചുപിടിക്കുകയാണ്.

സാംസ്കാരിക, രാഷ്ട്രീയ- സാമൂഹിക പ്രവർത്തകർ, കുടുംബശ്രീ, വനിത, യുവജന, വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ തുടങ്ങിയവരെ പങ്കാളികളാക്കിയാണ് പ്രവർത്തനം. താലൂക്കുതല സംഘാടക സമിതിയെ സഹായിക്കാൻ പഞ്ചായത്ത് തലത്തിലും വായനശാലാതലത്തിലും സംഘാടക സമിതികളും നേതൃസമിതി തലത്തിൽ മോണിറ്ററി കമ്മിറ്റിയും പ്രവൃത്തിക്കുന്നുണ്ട്. പുസ്തക ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ, തെരുവോര വായന തുടങ്ങിയ പരിപാടികളും അനുബന്ധമായി സംഘടിപ്പിക്കുന്നുണ്ട്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 17ന് എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത് നിർവഹിക്കും. 25 വിശ്വസാഹിത്യങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ഈ രംഗത്തേക്ക് കടന്നുവന്നത്.

ഒരുവായനശാലയ്ക്ക് 10 വായനാ വീടുകൾ

ഓരോ വായനശാലയ്ക്കും സമീപത്തെ പത്തു വീടുകൾ കേന്ദ്രീകരിച്ച് വായനാവീടുകൾ രൂപീകരിക്കും. ഒരുമാസം ഒരു വീട്ടിൽ ഒരു പുസ്തകമെങ്കിലും ചർച്ചയ്ക്കെടുക്കും. അങ്ങനെ ആറുമാസം കൊണ്ട് ഒരു വായനശാല 60 പുസ്തകങ്ങൾ ചർച്ച ചെയ്യും. നിലവിൽ മൂന്നുമാസം കൊണ്ട് 60 പുസ്തകങ്ങൾ ച‌ർച്ച ചെയ്ത വായനശാലകളുമുണ്ട്. ആകെ 15,000 പുസ്തകങ്ങളാണ് ആറുമാസം കൊണ്ട് ചർച്ചയ്ക്കെടുക്കുന്നത്. ഒരു വായനാവീട്ടിൽ 30 മുതൽ 50 ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കും.

അഞ്ചുലക്ഷം മുതൽ ആറുലക്ഷം വരെ ആളുകളെ വായനയിലേക്ക് കൊണ്ടു വരികയെന്നതാണ് ലക്ഷ്യം. താലൂക്കിലെ 250 വായനശാലകൾ കേന്ദ്രീകരിച്ചാണ് ഈ ദൗത്യം.

-ശിവകുമാർ, പയ്യന്നൂർ താലൂക്ക്

ലൈബ്രറി കൗൺസിൽ പ്രസിഡന്റ്