
കണ്ണൂർ: നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി. ദിവ്യ രാജിവച്ചതിനെത്തുടർന്ന് ഒഴിഞ്ഞ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ അഡ്വ. കെ.കെ.രത്നകുമാരി ചുമതലയേറ്റു. ഇന്നലെ ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പേരാവൂരിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. രത്നകുമാരിക്ക് 16 വോട്ടും ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭിച്ചു.
കളക്ടർ അരുൺ കെ. വിജയൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
രത്നകുമാരി പരിയാരം ഡിവിഷനിൽ നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചെങ്ങളായി കൊയ്യം പാറക്കാടി സ്വദേശിയാണ്. 2000 മുതൽ 2005 വരെ ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെമ്പറും, 2010 മുതൽ 2015 വരെ വൈസ് പ്രസിഡന്റും, 2015 മുതൽ 2020 വരെ പ്രസിഡന്റുമായിരുന്നു. തളിപ്പറമ്പ് ബാറിൽ അഭിഭാഷകയാണ്.
ശ്രീകണ്ഠാപുരം കോട്ടൂരിലെ കർഷകനായ പാലക്കീൽ കൃഷ്ണൻ നമ്പ്യാരുടെയും പത്മാവതിയുടെയും മകളാണ്. റിട്ട. അദ്ധ്യാപകൻ കെ.കെ. രവിയാണ് ഭർത്താവ്. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യപകൻ ആനന്ദ് രവി, ബി. ടെക് ബിരുദം നേടിയ നന്ദന രത്ന എന്നിവരാണ് മക്കൾ.
പി.പി. ദിവ്യ വിട്ടുനിന്നു
ജില്ല പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നു പി.പി. ദിവ്യ വിട്ടുനിന്നു. കോടതി ജാമ്യവ്യവസ്ഥയിലെ ഉപാധികൾ കാരണമാണ് ദിവ്യ വിട്ടുനിന്നതെന്ന് പുതിയതായി ചുമതലയേറ്റ അഡ്വ. കെ.കെ. രത്നകുമാരി പറഞ്ഞു.
മാദ്ധ്യമങ്ങളെ വിലക്കി കളക്ടർ
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാദ്ധ്യമങ്ങൾക്ക് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ വിലക്കേർപ്പെടുത്തി. ഇന്നലെ രാവിലെ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെ പൊലീസ് ജില്ലാ പഞ്ചായത്തിനകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. ജില്ലാ പഞ്ചായത്തിന്റെ ഗേറ്റ് അടച്ചിട്ട് പൊലീസ് ഗേറ്റിനു മുന്നിൽ നിലയുറപ്പിച്ചിരുന്നു. ഈ സമയത്ത് മാദ്ധ്യമപ്രവർത്തകർ ഗേറ്റിന് പുറത്ത് ഏറെ സമയം കാത്ത് നിൽക്കുകയായിരുന്നു. തുടർന്ന് 10.45ന് കളക്ടർ എത്തിയതോടെ വിലക്കിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥരോട് പ്രവേശിപ്പിക്കാൻ പറയുകയായിരുന്നു.
പി.പി. ദിവ്യയുടെ അഭിനന്ദനം
കണ്ണൂർ: തിരഞ്ഞെടുപ്പിന് എത്തിയില്ലെങ്കിലും പുതിയ ജില്ല പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. രത്നകുമാരിയെ മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഭിനന്ദിച്ചു. താൻ പ്രസിഡന്റായിരിക്കെ ജില്ല പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ നിരത്തിയാണ് ഫേസ് ബുക്കിലെ അഭിനന്ദനക്കുറിപ്പ്.
'കണ്ണൂരിലെ ജനതയ്ക്ക് അഭിമാനിക്കാൻ ഈ നാലു വർഷംകൊണ്ട് നാം നേടിയ നേട്ടങ്ങൾ നിരവധിയാണ്. നേട്ടങ്ങൾ നിരവധിയുണ്ടെങ്കിലും പൂർത്തിയാക്കാൻ ചിലതുണ്ട്. കുറച്ചു മാസങ്ങൾക്കുള്ളിൽ നമുക്ക് പൂർത്തിയാക്കാനുള്ളത് അനവധി സ്വപ്നങ്ങളാണ്. ഇത് സാക്ഷാത്കരിക്കാൻ കണ്ണൂർ ജില്ല പഞ്ചായത്തിന്റെ ഭരണ സമിതി അംഗം എന്ന നിലയിൽ കൂടെ ഞാനുമുണ്ട്." എന്നിങ്ങനെയാണ് അതിൽ പറയുന്നത്.