 
ഷെയ്ക്ക് ഇബ്രാഹിം 3 മാസം ജപ്പാനിൽ തടവിലും കഴിഞ്ഞു
പാലക്കുന്ന് (കാസർകോട്): കപ്പലിനുള്ളിൽ ഐതിഹാസിക ജീവിതം നയിച്ച നാവികൻ മാലാംകുന്ന് ടി.ടി റോഡിലെ ഷെയ്ക്ക് ഇബ്രാഹിം സാഹിബ് നവതിയുടെ നിറവിൽ. കാസർകോട് ജില്ലയിൽ തന്നെ 90 പിന്നിടുന്ന ഏതാനും കപ്പലോട്ടക്കാരിൽ ഒരാളാണ് ഇദ്ദേഹം.
പതിനെട്ടാമത്തെ വയസ്സിൽ കപ്പൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം നാലര പതിറ്റാണ്ടിലേറെ ദൈർഘ്യമുള്ള കടൽ ജീവിതത്തിന്റെ ഉടമയാണ്. തുരുമ്പെടുക്കാത്ത മനസ്സിലെ ഓർമയിൽ നിന്നെടുത്ത് കടൽ അനുഭവങ്ങൾ അദ്ദേഹം ഇന്നും പങ്കുവയ്ക്കുന്നു. ജപ്പാനിലെ ഷാഷിബോ ഡോക്കിൽ അറ്റകുറ്റപ്പണിക്കായി കയറ്റിയ, അദ്ദേഹം ജോലി ചെയ്യുന്ന കപ്പലിൽ ഉണ്ടായ തീപിടിത്തത്തിൽ 14 ജപ്പാൻകാർ വെന്തെരിഞ്ഞ ദാരുണകാഴ്ചയ്ക്ക് ദൃക്സാക്ഷി കൂടിയായിരുന്നു ഷെയ്ക്ക് ഇബ്രാഹിം. 14 ജപ്പാൻകാർ വെന്തുമരിച്ചെങ്കിലും ഇന്ത്യക്കാരായ കപ്പൽ ജീവനക്കാർക്കും ഒരു പോറൽ പോലും ഏറ്റിരുന്നില്ല. അതിൽ ദുരൂഹത സംശയിച്ച് അദ്ദേഹമടക്കം കപ്പലിലെ മുഴുവൻ ജീവനക്കാരെയും മൂന്നു മാസം തടവിലിട്ട് ചോദ്യം ചെയ്ത അപൂർവകഥ ഇദ്ദേഹം പങ്കുവയ്ക്കുന്നു.
85 പിന്നിട്ട കപ്പലോട്ടക്കാരെ ആദരിക്കുന്നതിന്റെ ഭാഗമായി കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ് ഭാരവാഹികളായ പാലക്കുന്നിൽ കുട്ടി, യു.കെ. ജയപ്രകാശ്, നാരായണൻ കുന്നുമ്മൽ, കെ. പ്രഭാകരൻ എന്നിവർ വീട്ടിലെത്തി ഈ നാവികനെയും ആദരിച്ചു.
ഇദ്ദേഹത്തിനൊപ്പം ജില്ലയിലെ മുതിർന്ന 12 ജീവനക്കാരെയും ഈ സംഘം വീടുകളിൽ ചെന്ന് സന്ദർശിച്ചു. പരിതോഷികമായി എല്ലാവർക്കും ടൂർ ബാഗുകളും സമ്മാനിച്ചു.
പ്രതിമാസ വേതനം 125 രൂപ
പ്രതിമാസ വേതനമായി അന്ന് കിട്ടിയ 125 രൂപ സ്വരൂപിച്ച് വീടും സ്ഥലവും സ്വന്തമാക്കി ഈ നാവികൻ. ദിനചര്യകൾ ഇപ്പോഴും പരസഹായമില്ലാതെ ചെയ്യുന്നുവെന്ന് ഭർത്താവിനെ പറ്റി ഭാര്യ ദിൽഷാദ് പറയുന്നു. മത്സ്യ മാംസാദികൾ നാളിതു വരെ രുചിച്ചിട്ടില്ലാത്ത നാവികൻ. മകൻ ആരിഫ് കപ്പലിൽ ക്യാപ്റ്റൻ ആയിരുന്നു. ഇപ്പോൾ മരിടൈം സർവ്വേയറായി ഭാര്യയോടൊപ്പം ആസ്‌ട്രേലിയയിൽ സ്ഥിരതാമസമാണ്. മറ്റു മക്കളായ രേഷ്മയും ആസിഫും വിവാഹിതരായി ഗൾഫിലാണിപ്പോൾ.
രാജ്യത്ത് ഒരിടത്തും ഇല്ലാത്ത സേവനമാണ് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ് സീമെൻമാർക്ക് വേണ്ടി ചെയ്യുന്നത്
ഷെയ്ക്ക് ഇബ്രാഹിം സാഹിബ്