പയ്യന്നൂർ: കണ്ടോത്ത് പയ്യഞ്ചാൽ ഗ്രൗണ്ട് സംരക്ഷണസമിതി സംഘടിപ്പിക്കുന്ന അഞ്ചാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം 16 മുതൽ 19 വരെ പയ്യഞ്ചാൽ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗ്രൗണ്ടിന്റെ സംരക്ഷണവും വികസനവും, കായിക മേഖലയുടെ വളർച്ചയും ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നതോടൊപ്പം, കഴിഞ്ഞ നാലു വർഷം നടത്തിയ നാടകോത്സവത്തിൽ നിന്നും മറ്റും ലഭിച്ച സാമ്പത്തിക സമാഹരണം ഉപയോഗപ്പെടുത്തി ഗ്രൗണ്ടിന്റെ വിസ്തൃതി വർദ്ധിപ്പിച്ച് നവീകരിക്കുകയും ചുറ്റുമതിൽ കെട്ടുകയും സ്റ്റേജ്, മേൽക്കൂര, ഗ്രീൻ റൂം, ബാത്ത്റൂം, ജലസേചന സൗകര്യം, പൊതുശ്മശാനം നവീകരിക്കരിക്കൽ, ഫുട്‌ബൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്തതായി ഭാരവാഹികൾ പറഞ്ഞു.
16 ന് വൈകീട്ട് 7 ന് ടി.ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് തിരുവനന്തപുരം നവോദയയുടെ കലുങ്ക്' നാടകം അരങ്ങേറും. 17ന് കൊച്ചിൻ ചൈത്രതാരയുടെ "സ്നേഹമുള്ള യക്ഷി', 18ന് കോഴിക്കോട് രംഗഭാഷയുടെ 'മിഠായി തെരുവ്' തുടങ്ങിയ നാടകങ്ങളും അരങ്ങേറും. 19-ന് വൈകീട്ട് ഏഴിന് പ്രദേശത്തെ നാൽപ്പതിലധികം കലാപ്രതിഭകൾ അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരങ്ങളും ഒപ്പന, തിരുവാതിര തുടങ്ങിയവയും ട്രയോ ഡിജെ വിത്ത് മ്യൂസിക്കും അരങ്ങേറും. വാർത്താസമ്മേളനത്തിൽ കെ.വി.കണ്ണൻ, എം.കെ.പ്രകാശൻ, ടി.ബാബുരാജ്, എം.സതീശൻ, എം.ധനഞ്ജയൻ, വി. ഷിജു, എം.പി.രവി സംബന്ധിച്ചു.