മാണിയാട്ട് (കാസർകോട്): കോറസ് കലാസമിതി ബഹുജന പങ്കാളിത്തത്തോടെ നടത്തി വരുന്ന പതിനൊന്നാമത് എൻ.എൻ.പിള്ള സ്‌മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന് കളിവിളക്ക് തെളിഞ്ഞു. സിനിമ താരം ജോജു ജോർജിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി ഏഴര മണിക്ക് പ്രത്യേകം തയ്യാറാക്കിയ കളിവിളക്കിലേക്ക് ദീപം പകർന്നതോടെയാണ് മത്സരത്തിന് ബെല്ല് മുഴങ്ങിയത്.
മുഖ്യാതിഥിയെ മാണിയാട്ട് ആൽത്തറ പരിസരത്ത് നിന്ന് ബാന്റ് വാദ്യത്തോടെയും ആകാശ വിസ്മയത്തോടെയുമാണ് സ്വീകരിച്ച് ആനയിച്ചത്. ഒരേ വേഷത്തിൽ വനിതാ കമ്മിറ്റിയുടെ നൂറോളം പേർ ഘോഷയാത്രയിൽ അണിനിരന്നു. കോറസ് വനിത വിഭാഗം അവതരിപ്പിച്ച കാലം സാക്ഷി സംഗീത ശില്പത്തോടെയാണ് ഉദ്ഘാടനം ആരംഭിച്ചത്. പഴയകാല നാടക ഗാനങ്ങളും നാടകവും തെയ്യവും അരങ്ങും കോർത്തിണക്കി ഒരുക്കിയ സംഗീത ശില്പം പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി. ഈ മാസം 22 വരെ മാണിയാട്ട് കെ. കുഞ്ഞിരാമൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന നാടക മത്സരം ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാർ ഉദ്ഘാടനം ചെയ്തു.
നടൻ ജോജു ജോർജ്ജ്, നടനും സംവിധായകനുമായ ബോബി കുര്യൻ എന്നിവർ മുഖ്യാതിഥിയായി. മലയാള നാടക വേദിയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം പയ്യന്നൂർ മുരളി ഉദ്ഘാടന ദിവസമായ ഇന്നലെ ഏറ്റുവാങ്ങി. 22 ന് നടക്കുന്ന സമാപന ചടങ്ങിൽ വച്ച് കലാഭവൻ ഷാജോണും പുരസ്‌കാരം ഏറ്റുവാങ്ങും. ഇന്നലെ പരിപാടിക്കെത്തിയ എല്ലാവർക്കും മാണിയാട്ടിന്റെ പ്രത്യേക മധുര പലഹാരമായി പുത്തരിയുണ്ട വിതരണം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ചെയർമാൻ ഉദിനൂർ ബാലഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.
രക്ഷാധികാരി ടി.വി.ബാലൻ, സിനിമാ താരം പി.പി.കുഞ്ഞികൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്ന കുമാരി, ഇ.കുഞ്ഞിരാമൻ, കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു. വർക്കിംഗ് ചെയർമാൻ ടി.വി.നന്ദകുമാർ സ്വാഗതവും ജനറൽ കൺവീനർ കെ.റിലീഷ് നന്ദിയും പറഞ്ഞു. നാടക മത്സരത്തിന്റെ സമാപന ദിവസം ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ സ്വഭാവ നടനുള്ള അവാർഡ് നേടിയ നടൻ വിജയരാഘവന് മാണിയാട്ട് പൗരാവലിയുടെ സ്വീകരണം നൽകും. എട്ട് മത്സര നാടകങ്ങളും എൻ.എൻ.പിള്ളയുടെ കണക്ക് ചെമ്പകരാമൻ നാടകം പ്രദർശന നാടകമായി കോറസ് കലാസമിതി അവതരിപ്പിക്കും.
17 ന് വാസു ചോറോട്, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അനുസ്മരണം നടക്കും. 19 ന് 10 വർഷത്തെ നാടകാനുഭവങ്ങൾ പങ്കുവെക്കുന്ന പരിപാടി നടക്കും. 20 ന് വിഭവ സമാഹരണത്തിന്റെ ശേഖരണം നടക്കും. സമാപന ദിവസം 22 ന് 6000 പേർക്ക് സമൂഹസദ്യ നൽകും. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെ ആദരിക്കും. എല്ലാ ദിവസവും രാത്രി 7 ന് കലാരംഗത്തെ പ്രഗൽഭർ കളിവിളക്ക് തെളിയിക്കും.