a

വർഷങ്ങളായി സി.പി.എമ്മിന്റെ കണ്ണൂർ കരുത്താണ് പാർട്ടിയുടെ അധികാര കേന്ദ്രങ്ങൾ. ഒരു പതിറ്റാണ്ടിലേറെ കാലം പിണറായി വിജയനായിരുന്നു പാർട്ടി സെക്രട്ടറി. പിന്നീട് കോടിയേരിയും എം.വി. ഗോവിന്ദനും മാറിവന്നു. കണ്ണൂർ ലോബി ഒറ്റക്കെട്ടായി നിന്നതുകൊണ്ട് മാത്രമാണ് തെക്കൻ ശക്തികേന്ദ്രങ്ങളെ ഒതുക്കാൻ സാധിച്ചത്. എന്നാൽ ഇപ്പോൾ തുടർച്ചയായി നേതാക്കളുടെ പേരിലുണ്ടാകുന്ന വിവാദങ്ങൾ മൂലം കണ്ണൂർ പാർട്ടിയുടെ പിടി അയയുകയാണ്. പാർട്ടിയിലും ഭരണത്തിലും ചോദ്യം ചെയ്യാനാവാത്ത പിണറായി വിജയനെതിരെ പോലും മറ്റു ജില്ലകളിൽ നിന്ന്
എതിർശബ്ദങ്ങൾ ഉയരുന്നു. കണ്ണൂർ നിലപാടിന് വിരുദ്ധമായ എ.ഡി.എം. നവീൻ ബാബുവിന്റെ കേസിൽ പത്തനംതിട്ട സി.പി.എം ഉയർത്തിയ പ്രതിരോധം ഇതിനുദാഹരണമാണ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയുടെ അധിക്ഷേപ വാക്കുകളിൽ മനംനൊന്ത് നവീൻ ബാബു ആത്മഹത്യ ചെയ്തതിന് തൊട്ടുപിന്നാലെ ശക്തമായ പ്രതികരണമാണ് പത്തനംതിട്ട നേതൃത്വം നടത്തിയത്. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ സി.പി.എം പശ്ചാത്തലം ചൂണ്ടിക്കാട്ടി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ടു. ദിവ്യയ്ക്ക് സംരക്ഷണം തീർക്കാനുള്ള പാർട്ടി നീക്കത്തിന്റെ ചുവടുപിഴച്ചത് ഇതോടെയാണ്. അല്ലെങ്കിൽ ദിവ്യക്കെതിരെയുള്ള നടപടിക്ക് സാദ്ധ്യത വിരളമായിരുന്നു. കാരണം കണ്ണൂർ സി.പി.എമ്മിൽ അത്രമാത്രം നേതാക്കളുടെ പിന്തുണ ദിവ്യയ്ക്കുണ്ടായിരുന്നു. ആദ്യ ദിനങ്ങളിൽ ഡി.വൈ.എഫ്‌ഐ പോലും ദിവ്യയെ സംരക്ഷിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ പത്തനംതിട്ട സി.പി.എം നിലപാടിൽ ഉറച്ചുനിന്നതോടെയാണ് ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. അഴിമതിക്കെതിരെ ശബ്ദം ഉയർത്തിയതാണെന്ന പ്രതിരോധങ്ങളൊന്നും വിലപ്പോയില്ല. പാർട്ടി ജില്ലാ കമ്മിറ്റി ദിവ്യയെ പൂർണമായും തള്ളിപ്പറയാതിരുന്നപ്പോൾ പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ കടുത്ത നിലപാടും പാർട്ടിയെ വെട്ടിലാക്കുകയായിരുന്നു.


പിന്നാലെ ഇ.പി. ബോംബ്

ആരോപണങ്ങളിൽ നിന്ന് ആരോപണങ്ങളിലേക്ക് ചെന്നുവീഴുന്നത് കണ്ണൂർ ലോബിയെ ദുർബലപ്പെടുത്തുന്നുണ്ട്. മുൻപത്തേത് പോലെയുള്ള ഐക്യമില്ലാത്തതിനാൽ വീഴ്ചകൾ കണ്ണൂരിലെ നേതാക്കൾ നേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഇ.പി ജയരാജൻ, പി. ജയരാജൻ, പി. ശശി എന്നിവർക്കെതിരെയുള്ള ആരോപണങ്ങൾ ഇവരുടെ മറുപക്ഷം ആയുധമാക്കുന്ന കാഴ്ചയാണ് കാണുന്നത്. തിരഞ്ഞെടുപ്പ് വേളയിലാണ് ഇ.പി. ജയരാജന്റെ പേരിൽ രണ്ടു വിവാദങ്ങളുണ്ടായത്. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറെ ഇ.പി. കണ്ടുവെന്ന വെളിപ്പെടുത്തൽ വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. ആ വിവാദങ്ങൾ ഒന്നടങ്ങിയെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ആത്മകഥയുമായി ബന്ധപ്പെട്ട് പുതിയ വിവാദം. താൻ എഴുതാത്ത, സമ്മതം ചോദിക്കാത്ത ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് പറയുന്നത് ക്രിമിനൽ കുറ്റമാണെന്ന് പറഞ്ഞ് ഇ.പി. പ്രതിരോധിക്കുന്നുണ്ടെങ്കിലും ഈ വിഷയത്തിലെ സംശയമറ നീങ്ങിയിട്ടില്ല. വിവാദത്തിന് പിറകിൽ പാർട്ടിക്കുള്ളിലുള്ളവരാണോ എന്നത് കണ്ടെത്തിയാലേ പറയാനാകു എന്നാണ് ഇ.പി. പറഞ്ഞത്.
രാഷ്ട്രീയമായി മാത്രമല്ല ഇ.പിയുടെ ആത്മകഥ സംഘടനാപരമായും സി.പി.എമ്മിനെ ബാധിക്കും. മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനത്തെയാണ് പരസ്യമായി ചോദ്യം ചെയ്തിരിക്കുന്നത്. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. ഇനി ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ഇ.പിക്ക് പാർട്ടിയുടെ അനുമതി ആവശ്യമായി വരും.


ജീവിതത്തിന്റെ ഓരോഘട്ടത്തിലും ചവിട്ടിത്താഴ്ത്താൻ ശ്രമിച്ചവരുണ്ടെന്നും തന്നെക്കുറിച്ച് ശത്രുക്കൾ പൊതുസമൂഹത്തിൽ തീർത്തിട്ടുള്ള വ്യാജപ്രതിച്ഛായ പൊളിച്ചെഴുതുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്നുമാണ് ഡി.സി.ബുക്സ് പ്രസിദ്ധീകരിക്കുമെന്ന് അവകാശപ്പെട്ട ആത്മകഥയിൽ ഇ.പി യുടേതായി ആമുഖ കുറിപ്പുള്ളത്. ഇത് ആത്മകഥയോ ജീവിചരിത്രക്കുറിപ്പോ അനുഭവക്കുറിപ്പോ ഒന്നുമല്ല, മറിച്ച് മനസിൽ തോന്നുന്നതും അനുഭവിച്ചതുമായ കാര്യങ്ങളെ കുറിച്ചുള്ള തുറന്നെഴുത്ത് മാത്രമെന്നും പറയുന്നുണ്ട്. അതേസമയം പുസ്തകം വിവാദമാകുമെന്ന ധാരണ ഇ.പിക്കുണ്ടായിരുന്നുവെന്നും വ്യക്തമാണ്.
സംസ്ഥാനത്ത് മൂന്ന് ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നതിന്റെ അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് ഇതു കുറിക്കുന്നത്. വോട്ടെടുപ്പിനു മുൻപ് ഇത് പ്രസിദ്ധീകരിക്കുകയാണെങ്കിൽ അതും വിവാദമായേക്കാം. ഏതായാലും അത് കഴിഞ്ഞാകും എന്നുള്ളതുകൊണ്ട് തുറന്നുപറയാമല്ലോ എന്ന് ചോദിക്കുന്നുണ്ട്. പുസ്തകം ഉപതിരഞ്ഞെടുപ്പിന് മുൻപ് പ്രസിദ്ധീകരിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന ഈ പരാമർശം ഇ.പി. ആയുധമാക്കും. തിരഞ്ഞെടുപ്പ് ദിനത്തിൽ പുസ്തകത്തിലെ വിവരങ്ങൾ ചോർന്നതിന് പിന്നിൽ താനല്ലെന്ന് ഇ.പി. വാദിക്കും. എന്നാൽ ഇത്തരം തുറന്നെഴുത്ത് ഒരു കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നതാണ് വിവാദത്തിൽ ഇ.പിയെ കൂടുതൽ പ്രതിരോധത്തിലാക്കുക.

പാനൂർ ബോംബ് സ്ഫോടനം

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയപ്പോൾ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനം സി.പി.എമ്മിന് വലിയ ക്ഷീണമായിരുന്നു. ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഒരു പ്രവർത്തകൻ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തത് പ്രതിപക്ഷ കക്ഷികൾ പ്രചാരണ ആയുധമാക്കിയിരുന്നു.


കാഫിർ വിവാദം

വിവാദമായ കാഫിർ സ്‌ക്രീൻഷോട്ടും കണ്ണൂർ പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. വിവാദസന്ദേശം പ്രചരിപ്പിച്ചതായി കണ്ടെത്തിയ കണ്ണൂരിലെ ' അമ്പാടിമുക്ക് സഖാക്കൾ' അടക്കമുള്ള ഇടത് സൈബർ ഗ്രൂപ്പുകളെച്ചൊല്ലിയാണ് പാർട്ടിയിലെ ചർച്ച. ഇത്തരം ഗ്രൂപ്പുകളെ നേരത്തേതന്നെ സംശയനിഴലിൽ നിറുത്തിയ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, പോസ്റ്റ് പ്രചരിപ്പിച്ചവരും തെറ്റുതന്നെയാണ് ചെയ്തതെന്ന് വ്യക്തമാക്കിയതോടെ ഇക്കാര്യത്തിൽ സി.പി.എമ്മിനുള്ളിലെ അഭിപ്രായഭിന്നത വെളിവായി. സൈബർ സംഘങ്ങളുമായി ബന്ധമുളള മുതിർന്ന നേതാവ് പി. ജയരാജനിലേക്ക് സംശയമുനകൾ നീണ്ടു വടകരയിൽ കെ.കെ. ശൈലജയെ കാലുവാരാൻ പാർട്ടിക്കുള്ളിൽ നിന്നുതന്നെ ശ്രമം നടന്നുവെന്ന സംശയം അണികൾക്കിടയിൽ സജീവമായി ഉയരാൻ വിവാദം കാരണമായി.

മനുതോമസിന്റെ വെളിപ്പെടുത്തലുകൾ
സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ലാ പ്രസിഡന്റുമായ മനു തോമസ് എന്ന യുവനേതാവിന്റെ പുറത്താക്കൽ വാർത്തയും അതിനോടനുബന്ധിച്ചുള്ള പരസ്യമായ വെളിപ്പെടുത്തലുകളും സൃഷ്ടിച്ച അലയൊലികളും അടങ്ങിയിട്ടില്ല. സി.പി.എമ്മിന്റെ ഭദ്രമായ തട്ടകം എന്നു കരുതിയിരുന്ന കണ്ണൂരിൽ, മനു തോമസിന്റെ പുറത്താക്കലുമായി ബന്ധപ്പെട്ടുയർന്ന ചർച്ചകളെ, ''ഏതോ ഒരു കമ്മിറ്റിയംഗത്തിന്റെ എന്തോ ആരോപണം'' എന്നു പാർട്ടി സംസ്ഥാന സെക്രട്ടറി തള്ളിക്കളയുമ്പോഴും അതുയർത്തുന്ന പ്രകമ്പനം ബാക്കിയാണ്.