
നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഒരുമാസം പിന്നിട്ടു
കണ്ണൂർ: അഴിമതിയാരോപണത്തിൽ അപമാനിതനായ കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയിട്ട് ഒരു മാസം പിന്നിടുമ്പോഴും സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. ഒക്‌ടോബർ 14ന് വൈകിട്ട് നാലിന് നടന്ന യാത്രഅയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെയെത്തിയ സി.പി.എം നേതാവ് പി.പി. ദിവ്യയുടെ ആരോപമാണ് നവീൻ ബാബുവിന്റെ ജീവിതം ഉലച്ചത്.
പിറ്റേന്ന് പുലർച്ചെയാണ് നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

എന്നാൽ അദ്ദേഹത്തിന്റെ അവസാന മണിക്കൂറുകൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇനിയും ഉത്തരമായിട്ടില്ല. അന്വേഷണത്തിനെതിരെ കടുത്ത വിമർശനമുണ്ടായപ്പോൾ കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിച്ചെങ്കിലും ദുരൂഹത മാറിയില്ല. എന്നാൽ സി.പി.എമ്മും സർക്കാരും നൽകിയ ഉറപ്പിൽ വിശ്വസിക്കുകയാണ് നവീന്റെ കുടുംബം. അത് ലംഘിച്ചാൽ സി.ബി.ഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.
എന്നാൽ പെട്രോൾ പമ്പിലെ ബിനാമി അന്വേഷണം പോലും ദിവ്യയിലേക്കും മറ്റ് ഉന്നതരിലേക്കും എത്താതിരിക്കാനുള്ള കരുതലും വ്യക്തമാണ്. വിജിലൻസ് സി.ഐയായിരുന്ന ഉദ്യോഗസ്ഥനെ ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മാറ്റിയത്. ജില്ലാ പഞ്ചായത്ത് പ്രൊജക്ടുകളുടെ കരാർ ലഭിച്ച, ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണമുയർന്ന സ്റ്റാർട്ടപ്പ് സ്ഥാപനത്തിൽ ഈ ഉദ്യോഗസ്ഥന്റെ സഹോദരന് പങ്കാളിത്തമുണ്ടെന്നും ആക്ഷേപമുണ്ട്.

ബാക്കിയായ സംശയങ്ങൾ

നവീൻ മരണത്തിലേക്ക് പോയ വഴി?
യാത്രഅയപ്പിനു ശേഷം ആരെയാക്കെ കണ്ടു. ആരെയൊക്കെ വിളിച്ചു?.
മുനീശ്വരൻ കോവിലിന് മുന്നിൽ ഇറങ്ങിയ നവീൻ എങ്ങോട്ടുപോയി? പുലർച്ചെവരെ എന്തുചെയ്തു?
ഓട്ടോറിക്ഷയിൽ ക്വാർട്ടേഴ്സിലെത്തിയതായി പൊലീസ് പറയുന്നു. ഈ ഓട്ടോ കണ്ടുപിടിച്ചോ?
എ.ഡി.എം റെയിൽവേ സ്റ്റേഷനിൽ എത്തിയില്ലെന്നതിനു തെളിവുണ്ടായിട്ടും, പ്ലാറ്റ്‌ഫോമിൽ ഇരുന്നതിനും ട്രാക്കിലൂടെ നടന്നതിനും സി.സി ടിവി ദൃശ്യങ്ങളുണ്ടെന്ന് ചില മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് പൊലീസ് കള്ളം പ്രചരിപ്പിച്ചത് എന്തിന് ?

പ്രശാന്തനു പിന്നിലാര്?

കോടികൾ ചെലവുള്ള പെട്രോൾ പമ്പ് നടത്താൻ പ്രശാന്തന് സാധിക്കുമോ?
കൈക്കൂലി നൽകിയെന്നു ദിവ്യയോടു പറഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ പറഞ്ഞെന്നാണു പ്രശാന്തിന്റെ മൊഴി. കൈക്കൂലിക്ക് വിജിലൻസിലാണു പരാതിപ്പെടേണ്ടത്.
പരാതിയിലെ പേരും ഒപ്പുമെല്ലാം പ്രശാന്തിന്റെ ഔദ്യോഗിക രേഖകളിൽ നിന്ന് വ്യത്യസ്തം. എന്നിട്ടും വ്യാജ പരാതി തയ്യാറാക്കിയ ആളെ കണ്ടെത്താത്തത് എന്തുകൊണ്ട്?
മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിക്കാത്ത പരാതിയിൽ വിജിലൻസ് എങ്ങനെ 14ന് പ്രശാന്തിന്റെ മൊഴിയെടുത്തു?
ഇലക്ട്രീഷ്യനായ പ്രശാന്തനെ രക്ഷിക്കാൻ പരിയാരം മെഡിക്കൽ കോളേജ് അധികൃതർ ശ്രമിച്ചതുകൊണ്ടല്ലേ ആരോഗ്യസെക്രട്ടറി അടങ്ങിയ സംഘത്തെ മന്ത്രി അന്വേഷണത്തിന് നിയോഗിച്ചത്?
ആദ്യം മിണ്ടാതിരുന്ന കളക്ടർ പിന്നീട് നവീൻ തെറ്റുപറ്റിയെന്നു സമ്മതിച്ചെന്ന് എന്തിനു പറഞ്ഞു ?
എ.ഡി.എമ്മിന്റെ കുടുംബത്തിനു നൽകിയ കത്തിലെ കാര്യങ്ങൾക്കും താൻ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിനും വിരുദ്ധമായി എ.ഡി.എമ്മിനെ സംശയനിഴലിലാക്കുന്ന മൊഴി മുദ്രവച്ച കവറിൽ സ്റ്റേറ്റ്‌മെന്റായി നൽകാൻ കളക്ടറെ പ്രേരിപ്പിച്ചത് എന്തായിരിക്കും?
പ്രത്യേക അന്വേഷണ സംഘം കളക്ടറുടെ വിശദ മൊഴിയെടുക്കാത്തതെന്ത്?
നവീനിന്റെ മൊബൈലിലെ വിവരം സംബന്ധിച്ച സൂചനകൾ അന്വേഷണ സംഘം മറയ്‌ക്കുന്നത് എന്തിന് ?

ആത്മഹത്യാക്കുറിപ്പുണ്ടോ

രാവിലെ ഏഴിന് മരണം അറിഞ്ഞിട്ടും ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ അറിയിക്കാൻ വൈകിയതെന്ത്?. പൊലീസെത്തിയത് 9. 40ന്. ഇൻക്വസ്റ്റ് നടന്നത് 10.15ന്.
കേസ് അദ്യമന്വേഷിച്ച ശ്രീജിത് കൊടേരി മാത്രമാണ് ഡ്രൈവറുടെ മൊഴിയെടുത്തത്. പ്രത്യേക അന്വേഷണസംഘം ഡ്രൈവറുടെ മൊഴിയെടുക്കാത്തതെന്തുകൊണ്ട്?
നവീനിന്റെ കുടുംബം കണ്ണൂരിൽ എത്തും മുമ്പ് ഇൻക്വസ്റ്റ് പൂർത്തിയാക്കി. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടവും നടന്നു. എന്തിനായിരുന്നു ഈ ധൃതി?
മുനീശ്വരൻ കോവിലിനടുത്ത് നവീൻ ബാബു ഇറങ്ങുമ്പോൾ ക്വാർട്ടേഴ്സിന്റെ താക്കോൽ കൈമാറിയിരുന്നതായാണ് ഡ്രൈവർ എം.ഷംസുദ്ദീന്റെ മൊഴി. യാത്ര ഉപേക്ഷിച്ച നവീൻ ക്വാർട്ടേഴ്സ് തുറന്നതെങ്ങനെ?