
കടന്നപ്പള്ളിയുടെ പരാതി സ്വീകരിച്ച് പരിയാരത്തെ ഒഴിവാക്കി
പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന്റെ മാതൃക പിന്തുടർന്ന് പരിയാരം പോസ്റ്റ് ഓഫീസിന്റെ പേരിലും മാറ്റം. പരിയാരം മെഡിക്കൽ കോളേജ് പോസ്റ്റ് ഓഫീസ് ഇനി മുതൽ കണ്ണൂർ മെഡിക്കൽ കോളേജ് പോസ്റ്റ് ഓഫീസ് എന്ന പേരിൽ അറിയപ്പെടും.പുനർനാമകരണം ചെയ്തു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയത്.
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ കടന്നപ്പള്ളി വില്ലേജിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളജും അനുബന്ധ സ്ഥാപനങ്ങളും പരിയാരത്തിന്റെ പേരിൽ അറിയപ്പെടുന്നത് മൂലമുള്ള ആശയക്കുഴപ്പങ്ങൾ സംബന്ധിച്ച് റിട്ട. അക്കൗണ്ടന്റ് ജനറൽ വകുപ്പ് ഉദ്യോഗസ്ഥനായ കടന്നപ്പള്ളിയിലെ പി.പി.ചന്തുക്കുട്ടി നമ്പ്യാർ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു. സാങ്കേതിക പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടിയുള്ള നിവേദനം പോസ്റ്റൽ ഡിപ്പാർട്ടുമെന്റിന്റെ കൂടി ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പോസ്റ്റ് ഓഫീസ് പേര് മാറ്റി ഉത്തരവായത്. ഓഫീസിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പലിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. പരാതിക്കാരൻ ഉന്നയിച്ച വിഷയങ്ങൾ ശരിയാണെന്നായിരുന്നു പ്രിൻസിപ്പൽ നൽകിയ മറുപടി.
പേരുമാറ്റാൻ പ്രമേയവും
തങ്ങളുടെ അധീനതയിലുള്ള പ്രദേശത്തിന് മറ്റൊരു ഗ്രാമപഞ്ചായത്തിന്റെ പേര് നൽകുന്നതിലുള്ള അനൗചിത്യം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. മെഡിക്കൽ കോളജും അനുബന്ധ സ്ഥാപനങ്ങളും കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ കടന്നപ്പള്ളി വില്ലേജ് പരിധിയിലാണ്.കോളജിൽ നിന്നുള്ള തൊഴിൽ നികുതി, കെട്ടിട നികുതി എന്നിവ ഒടുക്കുന്നതും കോളേജുമായി ബന്ധപ്പെട്ട ജനനമരണങ്ങൾ രജിസ്റ്റർ ചെയ്യുന്നതും സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതും കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്താണ്. അതെ സമയം പോസ്റ്റൽ മേൽവിലാസം പരിയാരം മെഡിക്കൽ കോളജ് പി ഒ 670503 എന്നുമായിരുന്നു. പരിയാരം എന്ന സ്ഥലപ്പേര് കടുത്ത ആശയക്കുഴപ്പത്തിന് കാരണമാകുന്നുവെന്നായിരുന്നു കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ വാദം. മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങൾക്കായും പലരും പരിയാരം പഞ്ചായത്ത് ഓഫീസിൽ പോയി മടങ്ങുന്ന സ്ഥിതിയുമുണ്ടായിരുന്നു.
പരിയാരം എന്ന സ്ഥലപ്പേര് കടുത്ത ആശയക്കുഴപ്പത്തിന് കാരണമായിരുന്നു. പോസ്റ്റ് ഓഫീസിന്റെ പേരു മാറ്റിയതോടെ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇനി കണ്ണൂർ ഗവ.മെഡിക്കൽ കോളജ് കടന്നപ്പള്ളി എന്ന പേരിൽ ഉപയോഗിക്കണം- പി.പി.ചന്തുക്കുട്ടി നമ്പ്യാർ