
ഇരിട്ടി: കരിന്തളം വയനാട് 400 കെ.വി ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് കണ്ണൂർ കളക്ടേറ്റിൽ വിളിച്ചുചേർത്ത യോഗത്തിലും തീരുമാനം ആയില്ല.ജനങ്ങളുടെ ആശങ്ക അകറ്റാൻ ആലക്കോട്. ഉദയഗിരി, എരിവേശി പഞ്ചായത്തുകളെ ഉൾപ്പെടുത്തി ആലക്കോട് മേഖലയിൽ കളക്ടർ യോഗം വിളിക്കണമെന്ന ആക്ഷൻ കൗൺസിൽ ചെയർമാൻ തോമസ് വർഗീസിന്റെ നിർദ്ദേശം അംഗീകരിച്ചാണ് ചർച്ച അവസാനിപ്പിച്ചത്.
വീടുകൾക്ക് സംഭവിക്കുന്ന നഷ്ടത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും വിഭജിക്കപ്പെട്ടു പോകുന്ന സ്ഥലം കൂടി നഷ്ടപരിഹാരത്തിൽ ഉൾപ്പെടുത്തണമെന്നും യോഗത്തിൽ ഉയർന്നുവന്നു. കൂടുതൽ നാശനഷ്ടം ഒഴിവാക്കാൻ ലൈനിൽ അലൈൻമെന്റ് മാറ്റമടക്കം ആവശ്യമെങ്കിൽ ആലോചിക്കാമെന്നും കെ.എസ്.ഇ.ബി അധികൃതർ യോഗത്തെ അറിയിച്ചു
സബ്കളക്ടർ കാർത്തിക് പാണിഗ്രാഹിയാണ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ആന്റണി സെബാസ്റ്റ്യൻ കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ, പി.രജനി, പി.സി ഷാജി, ബേബി ഓടംപള്ളി ,ജോണി കണ്ണിക്കാട്ട്, തോമസ് പുളിക്കക്കണ്ടം,ഫാദർ പയസ് പടിഞ്ഞാറേ മുറി,ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ബെന്നി പുതിയാമ്പുറം, ജെയിംസ് നെല്ലിമുട്ടിൽ ഡപ്യൂട്ടി ചീഫ് എൻജിനിയർ ഇൻ ചാർജ് ട്രാൻസ് ഗ്രിഡ് ഷൊർണൂർ വി.സുരേഷ് ,എം.കൃഷ്ണേന്ദു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ന്യായവില വിവരം കൈമാറണം
മുൻ ചർച്ചയിൽ കളക്ടർ നിർദേശിച്ച ന്യായവില സംബന്ധിച്ച വിവരങ്ങൾ ഇനിയും നൽകാത്ത ആലക്കോട്, ഉദയഗിരി, എരിവേശി പഞ്ചായത്തുകൾക്ക് അടിയന്തിരമായി ഇവ കൈമാറാൻ നിർദ്ദേശം നൽകി.മറ്റു പഞ്ചായത്തുകൾ എല്ലാം പരമാവധി രേഖകൾ കൈമാറിക്കഴിഞ്ഞതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
സമരസമിതിയുടെ ആവശ്യം
ടവർ സ്ഥാപിക്കുന്ന സ്ഥലം സെന്റിന് 1 ലക്ഷം
ലൈൻ കടന്നുപോകുന്ന സ്ഥലം സെന്റിന് 50000