2

കമ്മാടി (കാസർകോട്):കേരള-കുടക് അതിർത്തിയിലെ കമ്മാടി ഉന്നതിയിലെ 45 കുടിയ ആദിവാസി കുടുംബങ്ങൾ പുറം ലോകവുമായി ബന്ധമില്ലാതെ ദുരിത ജീവിതത്തിൽ. വനത്തിൽ പോയി തേൻ ശേഖരിച്ചാണ് ജീവിതം.

കല്ലപ്പള്ളിയിൽ നിന്ന് കമ്മാടിയിലേക്ക് അഞ്ചു കിലോമീറ്റർ കാടുകയറണം. ജീപ്പ് പിടിച്ച് പോകണം. മറ്റ് വാഹനങ്ങളില്ല. യാത്ര ദുരിതമാണ്. എം.എൽ.എ ഫണ്ടിൽ നിർമ്മിക്കുമെന്ന് പറഞ്ഞ റോഡ് മലവെള്ളത്തിൽ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു.

പത്ത് കുടുംബങ്ങളെ പട്ടയം നൽകി പുനരധിവസിപ്പിച്ചെങ്കിലും അവർക്കായി വട്ടോളിയിൽ തുടങ്ങിയ വീട് നിർമ്മാണവും ഇഴയുന്നു.

കമ്മാടി കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിച്ചിരുന്ന ഏകാദ്ധ്യാപക വിദ്യാലയം പൂട്ടിയതോടെ കുട്ടികളുടെ പഠനം മുടങ്ങി. 12 കുട്ടികൾ ഉണ്ടായിരുന്നു. ആദിവാസി കുട്ടികൾക്കായി വിദ്യാലയം നിലനിർത്തണമെന്ന ആവശ്യം ആരും കേട്ടില്ല. മഞ്ചേശ്വരത്തെ ഒരു വിദ്യാലയം നിലനിർത്തിയിട്ടുണ്ട്. കാടുകയറി എത്തിയിരുന്ന ഏകാദ്ധ്യാപകൻ സ്ഥിരനിയമനം കിട്ടി കൊട്ടോടി സ്കൂളിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ്.

കാടുകയറാം;തേൻ കുടിക്കാം

കുടുംബശ്രീ ജില്ലാ മിഷൻ പട്ടികവർഗ ഉപജീവനം പരിപോഷിപ്പിക്കാൻ രണ്ടു വർഷം മുമ്പ് ആരംഭിച്ച പദ്ധതിയാണ് തേൻഗ്രാമം. കമ്മാടിയിലെ തേൻ ഗ്രാമത്തിൽ 100 കിലോ തേൻ ഉൽപാദനമായിരുന്നു ലക്ഷ്യം.കുടിയ വനിതകളെ ആധുനിക തേൻ കൃഷി പരിശീലിപ്പിക്കാനാണ് പദ്ധതി. 12 വനിതകളുമായാണ് തുടക്കം. അഞ്ച് പേർ വീതമുള്ള ജ്വാല,​ സ്നേഹ എന്നീ ഹണി യൂണിറ്റുകളായിരുന്നു നടത്തിപ്പുകാർ. ആദ്യ വിളവെടുപ്പിൽ 35 കിലോ തേൻ ലഭിച്ചു. കമ്മാടി കാട്ടുതേൻ എന്ന ബ്രാൻഡിന് വലിയ സ്വീകാര്യതയായിരുന്നു.

പൂട്ടിയ സ്കൂളിലെ കുട്ടികളെ കല്ലപ്പള്ളി, പനത്തടി സ്കൂളുകളിൽ ചേർത്തിട്ടുണ്ട്. ഇവർക്ക് വാഹനവും നൽകുന്നുണ്ട്. താമസിച്ചു പഠിക്കാൻ ആഗ്രഹിച്ച കുട്ടികളെ റെസിഡൻഷ്യൽ സ്കൂളിലും ചേർത്തു. പട്ടയം നൽകിയവരുടെ എട്ട് വീടുകളുടെ നിർമ്മാണം പൂർത്തിയാവുന്നു.

--രാധാകൃഷ്‌ണ ഗൗഡ ( കല്ലപ്പള്ളി വാർഡ് മെമ്പർ )