തളിപ്പറമ്പ്: വ്യാജ നിർമ്മിത ഇന്ത്യൻ കറൻസി കൈമാറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ തളിപ്പറമ്പ് സ്വദേശികളായ രണ്ടുപേർക്ക് പത്ത് വർഷം തടവിനും 25,000 രൂപ പിഴയുമടക്കാൻ തലശ്ശേരി അഡീ. ജില്ലാ കോടതി (രണ്ട്) ജഡ്‌ജി ടിറ്റി ജോർജ് ശിക്ഷിച്ചു. ചൊറുക്കളയിലെ വി.കെ.ഉബൈസ് (44), തളിപ്പറമ്പ് സിദ്ധിഖ് പള്ളിക്ക് സമീപം ഞാറ്റുവയൽ ചപ്പൻ ഹൗസിൽ സി.എച്ച്.സിറാജ് (39) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. ഉബൈസിൽ നിന്ന് 3,000 രൂപയുടെയും സിറാജിൽ നിന്ന് 34,000 രൂപയുടെയും കള്ളനോട്ടുകളാണ് പിടിച്ചെടുത്തിരുന്നത്. 2009 ജൂലായ് 26ന് വൈകിട്ട് കണ്ണൂർ ബസ് സ്റ്റാന്റിലെ മൊബൈൽ ഫോൺ കടയിൽ നിന്ന് ഫോൺ വാങ്ങിയ ഉബൈസ് കള്ളനോട്ട് നൽകുകയായിരുന്നു. സംശയം തോന്നിയ ജീവനക്കാർ ഇയാളെ തടഞ്ഞുവെക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്‌തു. സിറാജാണ് ഉബൈസിന് കള്ളനോട്ട് നൽകിയിരുന്നതെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് ബസ്‌ സ്റ്റാൻഡ് പരിസരത്ത് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 15 വർഷങ്ങൾക്ക് ശേഷമാണ് വിധി ഉണ്ടായത്.