
മടിക്കൈ: മഴ കനത്താൽ പിന്നെ മടിക്കൈ ഗ്രാമപഞ്ചായത്തിലെ തീയ്യർപാലം പെരിയാങ്കോട്ട് കാവ് ചെളിക്കുളമാകുന്നതാണ് പതിവ്. മഴവെള്ള പാച്ചിലിൽ ക്ഷേത്രാങ്കണവും കുളവും പരിസരവും ചെളിയും മാലിന്യവും കൊണ്ട് നിറയും.മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ പെടുത്തി കുടുംബശ്രീ പ്രവർത്തകർ ഓവുചാൽ പൂർത്തിയാക്കിയപ്പോൾ പെരിയാങ്കോട്ട് ക്ഷേത്രാധികൃതർക്കും നാട്ടുകാർക്കും ആശ്വാസമായി.
പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയുടെ സ്പിൽ ഓവറായി 14.88ലക്ഷം ചെലവിൽ 109 മീറ്റർ നീളത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ ഓവുചാൽ കോൺക്രീറ്റ് ചെയ്യുന്നത്. ബാക്കി ഭാഗം കൂടി പൂർത്തിയാകുമ്പോൾ മഞ്ചപുട്ടുങ്കാൽ വഴി തീയ്യർപാലം ചാലിലേക്ക് വെള്ളം ഒഴുക്കിവിടാനാകും. 1.30 മീറ്റർ ഉയരത്തിൽ 2 മീറ്റർ വീതിയിലാണ് ഓവുചാൽ ഒരുങ്ങുന്നത്. 493 തൊഴിൽ ദിനങ്ങളിലായി 164368 രൂപ തൊഴിലാളി വേതനവും, 147217 രൂപ വിദഗ്ധ,അവിദഗ്ധ തൊഴിലാളി വേതനവും 11,71665 രൂപ സാധനസാമഗ്രികൾക്കും ചിലവഴിച്ചാണ് ഓവുചാൽ നിർമ്മാണം.
ക്ഷേത്രമതിൽ കെട്ടും തകർത്ത് അതിവർഷം
കഴിഞ്ഞ വർഷത്തെ അതിതീവ്ര മഴയിൽ തോട് കര കവിഞ്ഞ് ക്ഷേത്ര മതിൽകെട്ടും തകർത്തിരുന്നു. മഴവെള്ളവും മണ്ണും മാലിന്യങ്ങളും ക്ഷേത്രത്തിനകത്തും ക്ഷേത്രക്കുളത്തിലുമെത്തി. കോൺക്രീറ്റ് ചെയ്ത് തോട് ബലപ്പെടുത്തുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമായി.
ചെറുകിട പ്രവൃത്തി എടുക്കാനാളില്ല
തൊഴിലുറപ്പിൽ പരിഹാരം
പെരിയാങ്കോട്ട്കാവ് മുതലുള്ള തോട് കര ഉയർത്തി ബലപ്പെടുത്തണമെന്നത് പ്രദേശത്തെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.നേരത്തെ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ആരും ടെൻഡറെടുക്കാൻ മുന്നോട്ടു വന്നില്ല. അങ്ങനെയാണ് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയത്.ഇതോടെ ക്ഷേത്രത്തിനും ക്ഷേത്രക്കുളത്തിനും സംരക്ഷണമായി. ബാക്കിഭാഗം കൂടി കോൺക്രീറ്റ് ചെയ്ത് മഞ്ച പുട്ടുങ്കാൽ വഴി വെള്ളം തീയ്യർപാലം ചാലിലേക്ക് എത്തിച്ചാൽ പ്രദേശത്തിന് ഗുണകരമാകുമെന്ന് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം മാധവി പെരിയാങ്കോട്ട് പറഞ്ഞു.
ക്ഷേത്ര വിശ്വാസികളുടേയും പ്രദേശവാസികളുടേയും ഏറെ കാലത്തെ ആവശ്യമാണ് പെരിയാങ്കോട്ട് കാവ് മുതൽ മഞ്ചപുട്ടുങ്കൽ വരെ തോട് ബലപ്പെടുത്തണമെന്നന്നത്. പഴയ തോട് പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്. വൈകാതെ ഇത് പൂർത്തിയായാൽ മഴവെള്ളം തീയ്യർപാലം ചാലിലേക്ക് എത്തും. ഇതിനായി ശ്രമം തുടങ്ങും. -ടി.രാജൻ ,മടിക്കൈ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അംഗം.
മഴക്കാലത്ത് അമ്പലത്തു കരമുതലുള്ള മഴവെള്ളം ഒന്നിച്ച് കുത്തിയൊലിച്ച് വന്ന് തോട് കവിഞ്ഞ് മറിഞ്ഞ് ക്ഷേത്രത്തിനകത്തും കുളത്തിലും വന്നിടിയുന്ന ദുരവസ്ഥയായിരുന്നു. കോൺക്രീറ്റ് ചെയ്ത് ഉയർത്തി ബലപ്പെടുത്തിയതോടെ അതിന് പരിഹാരമായി. ഇതിന് മുൻകൈയെടുത്ത പഞ്ചായത്ത് ഭരണസമിതിയോട് ക്ഷേത്ര കമ്മിറ്റി കടപ്പെട്ടിരിക്കുന്നു. ബാക്കി ഭാഗം കൂടി ഇതുപോലെ ചെയ്ത് ബലപ്പെടുത്തണം-ബിജു പുളുക്കൂൽ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രം സെക്രട്ടറി