
ഇരിട്ടി: ഇരിട്ടിയിലെ നിത്യസഹായ മതാ പള്ളിയിലെ മോഷണം പ്രതിയെ പള്ളിയിലെത്തിച്ച് പൊലീസ് തെളിവെടുത്തു. കൂത്തുപറമ്പ് ജയിലിൽ റിമാന്റിൽ കഴിയുന്ന വയനാട് മുള്ളൻ കൊല്ലി പാടിച്ചിറയിലെ റോമിയോ ബേബി (27) നെയാണ് പള്ളിയിലെത്തിച്ച് തെളിവെടുത്തത്. മോഷണത്തലേന്ന് പള്ളിയിലെത്തിയ പ്രതി അന്ന് വൈകുന്നേരത്തെ കൂർബാനയിൽ പങ്കെടുത്തതായി പൊലീസിനോട് വെളിപ്പെടുത്തി. പള്ളിയുടെയും സ്ഥലത്തിന്റെയും പ്രത്യേകതകൾ മനസിലാക്കിയ ശേഷമാണ് മോഷണം പിറ്റേ ദിവസം രാത്രി മോഷണം നടത്തിയത്. നേർച്ചപ്പെട്ടികൾ പുറത്തു കൊണ്ടുപോയി തുറന്ന് പണം എടുത്ത ശേഷം ഇതേ സ്ഥലത്ത് കൊണ്ടു വെക്കുകയായിരുന്നെന്നു പ്രതി പൊലീസിനോട് പറഞ്ഞു. വെളിച്ചത്തിനായി ഉപയോഗിച്ച ടോർച്ച് ഇവിടെ വലിച്ചെറിഞ്ഞെന്നു പറഞ്ഞെങ്കിലും അത് കണ്ടെടുക്കാനായില്ല. കഴിഞ്ഞ മാസം 31 ന് രാത്രിയിലായിരുന്നു പള്ളിയിൽ മോഷണം നടന്നത്. ഇരിട്ടിക്ക് പുറമെ മാനന്തവാടി, പുൽപ്പള്ളി, സുൽത്താൻ ബത്തേരി തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന സമാനമായ അഞ്ചിലേറ കവർച്ചാ കേസുകളിലെ പ്രതിയാണ് റോമിയോ ബേബി എന്ന് പൊലീസ് പറഞ്ഞു. ഐ.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്.