
നവീകരണപ്രവൃത്തി ഒരു മാസത്തിനകം പൂർത്തിയാക്കും
പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ 21 മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അത്യാസന്ന നിലയിലുള്ള ഹൃദയസംബന്ധിയായ അസുഖമുള്ളവർക്ക് ചികിത്സ ഉറപ്പുവരുത്താനും അടിയന്തര ചികിത്സ ആവശ്യമില്ലാത്ത രോഗികളുടെ അഡ്മിഷൻ നിയന്ത്രിക്കാനുമാണ് തീരുമാനം. മെഡിക്കൽ കോളേജിലെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി കാർഡിയോളജി വിഭാഗം ഐ.സി യു അഗ്നിസുരക്ഷാ സംവിധാനമുൾപ്പടെയുള്ള അറ്റകുറ്റപ്പണികൾക്കായി ഒഴിഞ്ഞുകൊടുക്കേണ്ടതിനാലാണ് നിയന്ത്രണം .
21 മുതൽ ഒരു മാസക്കാലം കൊണ്ട് നവീകരണ ജോലികൾ അതിവേഗത്തിൽ പൂർത്തിയാക്കുന്നത് വരെയുള്ള കാലയളവിലാണ് അഡ്മിഷൻ പരിമിതപ്പെടുത്തുന്നത്. പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും റിപ്പയർ ജോലികൾ പൂർത്തീകരിക്കുന്ന ഇടവേളയിൽ രോഗികളുടെ അഡ്മിഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സ്ഥലപരിമിതി പ്രശ്നമാകുമെന്നതിനാലാണ് നിയന്ത്രണം വരുത്താൻ തീരുമാനമെടുത്തത്. പ്രവൃത്തികൾ ഒരു മാസത്തിനുള്ളിൽ പൂർത്തീകരിച്ച് ഐ.സി.യു.കൾ തിരികെ കൈമാറുമെന്നാണ് പദ്ധതി നിർവഹണ ഏജൻസിയായ വാപ്‌കോസ് നൽകിയ ഉറപ്പ്.
കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചേരുന്ന ഹൃദ്രോഗികൾക്ക് ഭാവിയിൽ മെച്ചപ്പെട്ടതും അതിനൂതന സംവിധാനത്തിലുള്ളതുമായ ചികിത്സ ലക്ഷ്യമാക്കി തുടങ്ങുന്ന പ്രവൃത്തികൾ പൂർത്തീകരിക്കുന്നതുവരെയുള്ള ഒരു മാസക്കാലയളവിൽ രോഗികളുടെയും പൊതുജനങ്ങളായും ഭാഗത്തു നിന്നും പരമാവധി സഹകരണം ഉണ്ടാകണം- ഡോ.കെ.സുദീപ് (കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് )