turf

കല്യാശ്ശേരി: സംസ്ഥാനകായിക വകുപ്പിന്റെ കീഴിൽ നിരവധി മേളകൾക്ക് ആതിഥ്യം നൽകിയ കല്യാശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനം ആർക്കും ഉപകരിക്കാത്ത നിലയിൽ. കായികവികസനപദ്ധതി പ്രകാരം ടർഫ് മൈതാനവും അനുബന്ധസൗകര്യങ്ങളും ഒരുക്കുന്ന പ്രവൃത്തി പാതിയിലാക്കി കരാറുകാർ സ്ഥലംവിട്ടതോടെയാണ് സാധാരണ നിലയിലുള്ള കായികപരിശീലനം പോലും ഇവിടെ നിഷേധിക്കപ്പെട്ടത്.

കായിക പരിശീലനങ്ങളും മേളകളും നടത്താൻ ദൂരെയുള്ള മൈതാനങ്ങളെ ആശയിക്കേണ്ട ഗതികേടിലാണ് ഈ സ്കൂൾ. ഏറെ പ്രയാസപ്പെട്ടാണ് മറ്റിടങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനത്തിനുള്ള അവസരം ലഭിക്കുന്നത്.സംസ്ഥാന സർക്കാർ 2019-20 വർഷമാണ് മൈതാനവികസനത്തിന് മൂന്നുകോടി അനുവദിച്ചത്. നിലവിലുള്ള മൈതാനത്ത് ടർഫ് കോർട്ടും ഗാലറിയും അനു ബന്ധകെട്ടിട സൗകര്യങ്ങളം ഒരുക്കാനായിരുന്നു പദ്ധതി. 2020 അവസാനം തുടങ്ങിയ പ്രവൃത്തി 2022 വരെ പേരിനെങ്കിലും നടന്നിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി നിർമ്മാണം പൂർണമായി നിലച്ചിരിക്കയാണ്.

ഒരാവശ്യത്തിനും കൊള്ളാത്ത 'ടർഫ്"

നിലവിൽ ടർഫ് വിരിച്ച മൈതാനം യാതൊരു ആവശ്യത്തിനും ഉപയോഗിക്കാൻ കഴിയുന്നില്ല. ബേബി മെറ്റൽ ഇട്ടതിന് മുകളിൽ ടർഫ് ഷീറ്റ് വെറുതെ വിരിച്ച നിലയിലാണ് മൈതാനം. ആരെങ്കിലും കയറിയാൽ തന്നെ ഷീറ്റുകൾ മാറി തെന്നിവീണ് പരിക്കേൽക്കും. ഫുട്‌ബോൾ പരിശീലനം പോലും സ്‌കൂൾ വിദ്യാർത്ഥികൾക്ക് സാധിക്കുന്നില്ല. സ്‌കൂളിലെ എൻ.സി.സി, എസ്.പി.സി.പരിശീലനങ്ങളും മൈതാനം ഇല്ലാത്തതിനാൽ താളം തെറ്റുകയാണ്.അനുബന്ധകെട്ടിടങ്ങളും പാതിവഴിയിലാണ്. മൈതാനത്തിലേക്കുള്ള വഴികളും കെട്ടിടത്തിലെ മുറികളും വർഷങ്ങളായി തുറന്ന് കിടക്കുകയം ചെയതതിനാൽ അവയെല്ലാം രാവും പകലും സമൂഹവിരുദ്ധരുടെയും മദ്യപക്കുന്നവരുടേയും താവളമാണ്. മഹത്തായ ചരിത്രമുള്ള വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ ഇത്രയും അരക്ഷിതമായിട്ടും അധികൃതർ ഒരു നടപടിയുമെടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

പണം കിട്ടിയില്ല;കരാറുകാർ പണി നിറുത്തി സ്ഥലം വിട്ടു.

ലഭിക്കേണ്ട തുക കിട്ടാത്തതിനെ തുടർന്നാണ് പ്രവൃത്തികൾ നിറുത്തിവെച്ച് സ്ഥലം വിട്ടതെന്നാണ് കരാറുകാർ പറയുന്നത്. ടർഫ് അടക്കമുള്ളവയുടെ നിർമ്മാണത്തിന് കരാർ ഏറ്റെടുത്തത് ഏറണാകുളം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായിരുന്നു. നിശ്ചിതതുക ലഭിക്കാൻ നിരന്തരം ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് കരാറാകാരുടെ വ ആക്ഷേപം.