തൃക്കരിപ്പൂർ: ശ്രീരാമവില്യം കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ചുള്ള ജൈവനെൽകൃഷിക്കായി ഞാറ് നടീൽ ഉത്സവാന്തരീക്ഷത്തിൽ നടന്നു. ഉത്സവനാളുകളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് സദ്യയൊരുക്കുന്നതിനായുള്ള അരി സ്വന്തം ഉത്പാദിപ്പിക്കുയെന്ന ലക്ഷ്യത്തോടെയാണ് സംഘാടക സമിതി നെൽകൃഷിക്കിറങ്ങിയത്.
തൃക്കരിപ്പൂർ മുച്ചിലോട്ട് കഴകത്തിന്റെ കീഴിലുള്ള ഒരു ഏക്കർ ഭൂമിയിലാണ് ഞാറ് നടീൽ നടത്തിയത്. കഴകത്തിലെയും ഉപ ക്ഷേത്രങ്ങളായ ഒളവറ മുണ്ട്യ, കൂലേരി മുണ്ട്യ, പേക്കടം കുറുവാപ്പള്ളി അറ, തടിയൻകൊവ്വൽ മുണ്ട്യ, പടന്ന മുണ്ട്യ എന്നിവിടങ്ങളിലെ വനിതാ കമ്മിറ്റിയംഗങ്ങളുൾപ്പെടെ നിരവധി പേർ പങ്കാളികളായി. 90 മുതൽ 95 ദിവസം കൊണ്ട് വിളവെടുക്കാൻ പറ്റുന്ന ഞാറ്റടികളാണ് ഇവിടെ നട്ടത്. കൊടക്കാട് കദളിവനത്തിൽ നിന്നാണ് ഞാറ്റടികൾ തയാറാക്കിയത്. പെരുങ്കളിയാട്ട ജൈവകൃഷി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷിയുടെ നടത്തിപ്പ്.
മുച്ചിലോട്ട് ക്ഷേത്രത്തിനു സമീപം കുഞ്ഞിക്കണ്ണൻ കാരണവരിൽ നിന്നും സംഘാടക സമിതി ചെയർമാൻ കെ.വി ഗംഗാധരൻ, കഴകം പ്രസിഡന്റ് വി.വി രാഘവൻ എന്നിവർ ചേർന്ന് ഞാറ്റുകറ്റകൾ ഏറ്റുവാങ്ങി. കഴകം പ്രസിഡന്റ്, സെക്രട്ടറി, സംഘാടക സമിതി ചെയർമാൻ, കൺവീനർ, മറ്റു കമ്മിറ്റി ഭാരവാഹികൾ, കൃഷി ഓഫീസർമാർ, കൃഷിഭവൻ ആദരം ഏറ്റുവാങ്ങിയ കർഷകർ തുടങ്ങിയവർ സന്നിഹിതരായി.
25 വർഷങ്ങൾക്ക് ശേഷമാണ് രാമവില്യത്ത് 2025 മാർച്ച് 5 മുതൽ 12 വരെ പെരുങ്കളിയാട്ടം എത്തുന്നത്. ഉത്സവാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പ്രദർശനത്തിന്റെ ഭാഗമായി വിവിധ കലാ- സാംസ്കാരിക പരിപാടികൾ അരങ്ങേറും. മന്ത്രിമാർ, സാംസ്കാരിക നായകന്മാർ, കലാകാരന്മാർ സംബന്ധിക്കും.