നീലേശ്വരം: താലൂക്ക് ആശുപത്രിയെ ആധുനിക ചികിത്സാ സൗകര്യമുള്ള ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തമായി. ആശുപത്രിക്കായി വൻകിട കെട്ടിടങ്ങൾ ഉണ്ടെങ്കിലും ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തിൽ ഏറേ പിന്നിലാണിന്നും. തെരു അഞ്ഞൂറ്റമ്പലം വീരർകാവ് വെടിക്കെട്ടപകടത്തിൽ പൊള്ളലേറ്റ 154 പേരിൽ ഒരാൾക്കു പോലും നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിച്സ നൽകാൻ കഴിഞ്ഞില്ലെന്നുള്ളതാണ് ആരോപണത്തിന് പ്രധാന കാരണം. പോരോലിൽ പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയിൽ ഒരു സംവിധാനവും ഇല്ലാത്തതിനാൽ നീലേശ്വരത്തെ രണ്ട് സഹകരണ ആശുപത്രിയിലേക്കെത്തിച്ചാണ് പൊള്ളലേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയത്. ചിലയാളെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പൊള്ളലേറ്റവരെ ചികിത്സിക്കുന്നതിനായി ബേൺ ഐ.സി.യു സംവിധാനം ജില്ലയിൽ ഇല്ലാത്തതും പ്രശ്നമായി. കണ്ണൂരിലും മംഗളൂരുവിലുമാണ് ഏറ്റവും അടുത്ത് ബേൺ ഐ.സി.യു സംവിധാനമുള്ള ആശുപത്രികൾ ഉള്ളത്.

എട്ടോളം പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമാണ് നീലേശ്വരം താലൂക്ക് ആശുപത്രി. മറ്റു ജില്ലകളിൽ രണ്ടിൽ കൂടുതൽ ജില്ല ആശുപത്രികൾ പ്രവർത്തിക്കുമ്പോൾ സർക്കാർ മേഖലയിൽ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയും കാസർകോട് ജനറൽ ആശുപത്രിക്കും പുറമെ നീലേശ്വരം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണമെന്നാവശ്യവും ഇപ്പോൾ ശക്തമായിട്ടുണ്ട്. ഗൈനോളജി ഇ.എൻ.ടി, ത്വക്, എല്ല് രോഗങ്ങൾ, കണ്ണ് വിഭാഗങ്ങളിൽ സ്ഥിരമായി ഡോക്ടർമാർ ഇല്ലാത്തതും പാവപെട്ട രോഗികൾക്ക് വിനയാകുന്നു. ഒരു ഓപ്പറേഷൻ തിയേറ്റർ പോലും ഇവിടെയില്ല. കൂടാതെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ള സൗകര്യവും ഇവിടെയില്ല.

വാഗ്ദാനങ്ങൾ നിറവേറിയില്ല

മലയോര പഞ്ചായത്തുകളിൽ നിന്നുള്ളവരും നീലേശ്വരം നഗരസഭയിലുള്ള രോഗികളും ആശ്രയിക്കുന്ന താലൂക്ക് ആശുപത്രി യാണിത്. താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ട് 20 വർഷം തികയാറായി. കെട്ടിട സൗകര്യം ഒരുക്കിയെങ്കിലും താലൂക്ക് ആശുപത്രിയുടെ നിലവാരത്തിൽ ഇന്നും എത്തിയിട്ടില്ല. 6 മാസം മുമ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് ആശുപത്രി സന്ദർശിച്ചപ്പോൾ എത്രയും പെട്ടെന്ന് താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലെത്തിക്കാനുള്ള സംവിധാനമൊരുക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇതുവരെ നടപ്പായില്ല.