ph-1-
കോർപ്പറേഷൻ ഷീ ലോഡ്ജ്

കണ്ണൂർ: വനിതകൾക്ക് പാർക്കാൻ കോർപ്പറേഷൻ നിർമ്മിച്ച ഷീ ലോഡ്ജ് ഒടുവിൽ തുറന്നു പ്രവർത്തിക്കുന്നു. ഒരു വർഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ ഷീലോഡ്ജാണ് 20ന് പ്രവർത്തനക്ഷമമാകുന്നത്.

ബൈലോ പ്രകാരം വനിതകളുടെ സഹകരണ സൊസൈറ്റിക്കാണ് ഷീ ലോഡ്ജിന്റെ നടത്തിപ്പ് ചുമതല. എന്നാൽ ബൈലോ പ്രകാരം യോഗ്യതയുള്ള സൊസൈറ്റികളെ കിട്ടാത്തതാണ് ഷീ ലോഡ്ജിന്റെ പ്രവർത്തനം വൈകാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. ഷീ ലോഡ്ജിന്റെ ഉദ്ഘാടനം 2023 ഡിസംബർ 30ന് അന്നത്തെ മേയർ അഡ്വ. ടി.ഒ മോഹനനാണ് നി‌ർവഹിച്ചത്. കണ്ണൂർ കാൾടെക്സിൽ ഗാന്ധി സർക്കിളിന് സമീപത്താണ് ഷീ ലോഡ്ജ് പ്രവർത്തിക്കുന്നത്.

നഗരത്തെ സ്ത്രീ സൗഹൃദമാക്കുക എന്നതായിരുന്നു ഷീ ലോഡ്ജിന്റെ ലക്ഷ്യം. തൊഴിലെടുക്കുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും ഇത് ഏറെ ഗുണകരമാകും. മേയർ ചെയർമാനായും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർക്കിംഗ് ചെയർമാനായും കോർപ്പറേഷൻ സെക്രട്ടറി കൺവീനറുമായി 18 അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിറ്റിയാണ് ഇതിന്റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുക.

4 നിലകൾ, 40 ബെഡ്ഡുകൾ

കണ്ണൂർ കോർപ്പറേഷൻ വനിതാഘടക പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ കെട്ടിടത്തിനും ഫർണിച്ചർ, ലിഫ്റ്റ് എന്നിവയ്ക്ക് 29 ലക്ഷവും കൂടി ആകെ ഒരുകോടിയിലധികം രൂപ ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിർമ്മിച്ചത്. 336 സ്‌ക്വയർ മീറ്ററാണ് കെട്ടിടത്തിന്റെ വിസ്തീർണ്ണം. നാല് നിലകളുള്ള കെട്ടിടത്തിൽ 3 നിലകളിൽ ഡോർമിറ്ററി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 40 ബെഡ്ഡുകളാണ് ഉള്ളത്. ഇതിൽ 10 എണ്ണം രാത്രികാലങ്ങളിൽ പെട്ടെന്ന് നഗരത്തിൽ എത്തിച്ചേരുന്നവർക്കായി മാറ്റിവെക്കും. ബാക്കി മാസ വാടകയ്ക്ക് നൽകും. നാലാമത്തെ നില വനിതകൾക്കുള്ള ഫിറ്റ്നസ്സ് സെന്ററിനുവേണ്ടി സജ്ജമാക്കും. ഇതിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഉടൻ പ്രവർത്തനം ആരംഭിക്കും.


ദിവസവാടക 400, മാസം 6000

400 രൂപയാണ് ദിവസവാടക. താമസം മാത്രമാണെങ്കിൽ 200 രൂപ നൽകിയാൽ മതി. താമസവും ഭക്ഷണവുമുൾപ്പെടെ 6000 രൂപയാണ് മാസവാടക. 20 മുതൽ സ്ത്രീകൾക്ക് താമസിച്ചു തുടങ്ങാം.പുരുഷന്മാർക്ക് പ്രവേശനമില്ല.


2023 ലാണ് നടത്തിപ്പുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിലേക്ക് കടന്നത്. എന്നാൽ അന്ന് ടെൻഡറിൽ പങ്കെടുത്ത ഒരു കുടുംബശ്രീ പിന്നീട് നടപടികളുമായി മുന്നോട്ടു പോകാത്തതും ബൈലോ പ്രകാരം അവരെ ഒഴിവാക്കേണ്ടി വന്നതുമാണ് പ്രവർത്തനം വൈകാൻ കാരണമായത്. വുമൺ ഇപ്രൂവ്‌മെന്റ് സൊസൈറ്റിക്കാണ് നിലവിൽ നടത്തിപ്പിനുള്ള അംഗീകാരം ലഭിച്ചത്.

മുസ്ലിഹ് മഠത്തിൽ, മേയർ.