up
നവതി ആഘോഷിക്കുന്ന രാമന്തളി ചിദംബരനാഥ് യു.പി. സ്‌കൂൾ. സ്‌കൂൾ സ്ഥാപകൻ സ്വാതന്ത്ര്യ സമര സേനാനി സി.എച്ച് ഗോവിന്ദൻ നമ്പ്യാർ (ഇൻസെറ്റിൽ)

പയ്യന്നൂർ: പ്രിയപ്പെട്ടവരുടെ ഓർമ്മ നിലനിർത്തുന്നതിനായി പലവിധ സ്മാരകങ്ങളും പടുത്തുയർത്തിയവരുടെ ഇടയിലേക്ക്, സ്വാതന്ത്ര്യ സമര സേനാനി, തന്റെ സഹപ്രവർത്തകനും സന്തത സഹചാരിയുമായിരുന്ന ആത്മമിത്രത്തിന്റെ ഓർമ്മയ്ക്കായി,

അദ്ദേഹത്തിന്റെ നാമധേയത്തിൽ നിർമ്മിച്ച വിദ്യാലയം നവതി ആഘോഷിക്കുന്നു.

സ്വാതന്ത്ര്യ സമര സേനാനി സി.എച്ച്. ഗോവിന്ദൻ നമ്പ്യാർ, തന്റെ ഒരുമിച്ച് സ്വാതന്ത്ര്യസമരത്തിൽ സജീവമായിരുന്ന തമിഴ്നാട് മധുര സ്വദേശി എസ്. ചിദംബരത്തിന്റെ ഓർമ്മയ്ക്കായി, രാമന്തളി കുന്നത്തെരുവിൽ 1935ൽ നിർമ്മിച്ച രാമന്തളി ചിദംബരനാഥ് യു.പി. സ്കൂളാണ് നവതി ആഘോഷിക്കുന്നത്. ആറു മാസം നീണ്ടുനിൽക്കുന്ന നവതി ആഘോഷ പരിപാടികൾ ഇന്ന് വൈകീട്ട് 4ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് സി.എച്ച്. ഗോവിന്ദൻ നമ്പ്യാർ, ചിദംബരനാഥ് യു.പി.സ്കൂൾ സ്ഥാപിക്കുന്നത്. 1937ൽ ചിദംബരനാഥ് സ്കൂളിൽ നിന്ന് ഒന്ന് മുതൽ നാല് വരെയുള്ള എൽ.പി വിഭാഗം ഗ്രാമ പഞ്ചായത്തിന് വിട്ടു നൽകി. പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിവന്ന സ്കൂൾ അടുത്തകാലത്ത് സർക്കാർ ഏറ്റെടുത്തു. അഞ്ച് മുതൽ ഏഴ് വരെയുള്ള യു.പി.വിഭാഗം ചിദംബരനാഥ് എയ്ഡഡ് സ്കൂളായി ഇപ്പോഴും പ്രവർത്തിക്കുന്നു.

അഡ്വക്കറ്റായിരുന്ന എസ്. ചിദംബരൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി വക്കീൽ ജോലി ഉപേക്ഷിച്ചാണ് സമര പാതയിലേക്കിറങ്ങിയത്. മലബാർ മേഖല കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഏറെക്കാലം ചിറക്കൽ താലൂക്ക് കോൺഗ്രസ് സെക്രട്ടറിയായി. സി.എച്ച്. ഗോവിന്ദൻ നമ്പ്യാർ അന്ന് ഉത്തര മേഖല കോൺഗ്രസ് സെക്രട്ടറിയാണ്. ഇരുവരും ഒത്തൊരുമിച്ച് മലബാറിൽ കോൺഗ്രസ്സ് പ്രവർത്തനം ശക്തിപ്പെടുത്തി.

സി.എച്ച്. ഗോവിന്ദൻ നമ്പ്യാർ

1899 സെപ്തംബർ 12ന് ചൊക്ലിയിൽ മൊയാരത്ത് ഉണ്ണി നമ്പ്യാരുടെയും എടക്കാട് ചാലിൽ കുഞ്ഞിയമ്മയുടെയും മകനായാണ് ജനനം. സബ് റജിസ്ട്രാർ ഓഫീസിൽ ഗുമസ്തനായും പുറമേരി രാജാസ് ഹൈസ്കൂൾ, തലശ്ശേരി മിഷൻ സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായും ജോലി ചെയ്തു. ഗാന്ധിജിയുടെ യംഗ് ഇന്ത്യയുടെ വായനക്കാരനായതോടെയാണ് സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായത്. പയ്യന്നൂർ കേന്ദ്രമാക്കിക്കൊണ്ടായിരുന്നു പ്രവർത്തനം. സ്വദേശി വസ്ത്രത്തിന് ഊന്നൽ നൽകി ഖാദി മേഖല വിപുലപ്പെടുത്തുവാനും ഹിന്ദി പ്രചാരണത്തിനും പ്രാധാന്യം നൽകിയായിരുന്നു പ്രവർത്തനം. നാഗർകോവിലിൽ പ്രവർത്തിച്ചിരുന്ന ദക്ഷിണ ഖാദി സംഘത്തിന്റെ ആസ്ഥാനം പയ്യന്നൂരിലേക്ക് അദ്ദേഹം മാറ്റി സ്ഥാപിച്ചു. പയ്യന്നൂരിൽ അദ്ദേഹം തുടങ്ങിയ ഖാദി പ്രസ്ഥാനം പിന്നീട് അഖില ഭാരത ചർക്ക സംഘം ഏറ്റെടുത്തു. അദ്ദേഹം ആരംഭിച്ച ഹിന്ദി പ്രചാര സഭയുടെ ആദ്യ സെക്രട്ടറി സ്വാമി ആനന്ദ തീർത്ഥനായിരുന്നു. കെ. കേളപ്പന്റെ നേതൃത്വത്തിൽ രാമന്തളിയിലും പയ്യന്നൂരിലും നടന്ന ഉപ്പു കുറുക്കൽ സമരത്തിൽ പങ്കെടുത്ത് ആറു മാസം ജയിൽശിക്ഷ അനുഭവിച്ചു. പിന്നീട് പ്രവർത്തന മേഖല രാമന്തളിയിലേക്ക് മാറ്റിയ അദ്ദേഹം നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 1935- 40 കാലഘട്ടത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി. 1985 മേയ് 5ന് പയ്യന്നൂരിലാണ് ഗോവിന്ദൻ നമ്പ്യാർ നിര്യാതനായത്.