കക്കറ: എരമം -കുറ്റൂർ പഞ്ചായത്തിലെ വെള്ളോറ, കക്കറ മേഖലയിൽ പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് ജനങ്ങളിൽ സുരക്ഷിതത്വ ബോധം സൃഷ്ടിക്കാനും ഭീതിയകറ്റാനും വിവിധ സ്ഥലങ്ങളിലായി കണ്ടുവെന്ന് പറയപ്പെടുന്ന പുലിയെ പിടികൂടുന്നതിന് സഹായമാകുന്നതിനും വേണ്ടി കക്കറ വായനശാലയിൽ ചേർന്ന നാട്ടുകാരുടെയും വനം -പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു. യോഗം ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എരമംകുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.രതീശൻ, പെരിങ്ങോം എസ്.ഐ സന്തോഷ് കുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.വീണ, രജനി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രേമ സുരേഷ് എന്നിവർ പ്രസംഗിച്ചു.
അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കാനും കാട് മൂടിയ പറമ്പുകൾ ഉടൻ വെട്ടിത്തെളിക്കാനും നിർദ്ദേശിച്ചു. വ്യാജ സന്ദേശങ്ങൾ നൽകിയാൽ അത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എ, എരമംകുറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജനി മോഹൻ എന്നിവർ രക്ഷാധികാരികളും ഗ്രാമപഞ്ചായത്ത് മെമ്പർ പി.വീണ ചെയർപേഴ്സൺ, എം.പി.ബാബുരാജ് കൺവീനർ, കെ.വി.ഗോവിന്ദൻ, കെ.പി.സതീശൻ, പി. ഭാർഗവൻ എന്നിവർ വൈസ് ചെയർമാൻമാരായും എം.സനൂപ്, പി.വി.അജേഷ്, കെ.വി.അഖിൽ, ജോയിന്റ് കൺവീനർമാരായും വനം, പൊലീസ് വകുപ്പ് ഉദ്യോസ്ഥരും നാട്ടുകാരും വിവിധ സംഘടന പ്രതിനിധികളും ഉൾപ്പെട്ട 55 അംഗ ജാഗ്രതാ സമിതി രൂപീകരിച്ചു.