
കാസർകോട്: ജെ.സി.ബിയുമായി മണ്ണ് നീക്കാൻ പോയി 45 ലക്ഷത്തിന്റെ ചതിയിൽ അകപ്പെട്ട ചെറുവത്തൂർ കൈതക്കാട് താമസിക്കുന്ന തമിഴ്നാട്ടുകാരൻ എൻ.തങ്കരാജും കുടുംബവും മുഖ്യമന്തി പിണറായി വിജയനെ കണ്ട് പരാതി നൽകും. റവന്യു മന്ത്രി കെ.രാജന് ഇതു സംബന്ധിച്ച് നിവേദനം അയച്ചിട്ടുണ്ട്. അതിനിടെ കേരള കൗമുദി വാർത്തയെ തുടർന്ന് തങ്കരാജിനെയും കുടുംബത്തെയും ആത്മഹത്യയിൽ നിന്ന് രക്ഷിക്കാൻ നാ
ട്ടിൽ രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകരുടെ വലിയ കൂട്ടായ്മ രൂപപ്പെട്ടു.
മണ്ണ് നീക്കം ചെയ്ത സ്ഥലം ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് കൃഷി ഓഫീസറായ അംബുജാക്ഷനോട് റിപ്പോർട്ട് എഴുതി വാങ്ങിയ ശേഷമാണ് ചന്തേര പൊലീസ് കേസെടുത്തത്. തുടർന്നാണ് കാസർകോട് ജില്ല കളക്ടർ പിഴ ചുമത്തിയത്. തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം സ്ഥലം മണ്ണിട്ട് നികത്തിയാൽ സ്ഥലം ഉടമയാണ് യഥാർത്ഥ കുറ്റവാളി. സ്ഥലം ഉടമയായ പള്ളി കമ്മിറ്റിക്കാരെ പൂർണമായും ഒഴിവാക്കിയാണ് തങ്കരാജിനെതിരെ പൊലീസും റവന്യു ഉദ്യോഗസ്ഥരും നിയമ നടപടി സ്വീകരിച്ചത്. മണ്ണ് നീക്കം ചെയ്യുന്ന സ്ഥലത്ത് പൊലീസും 10 മിനിട്ടിനകം കൃഷി വകുപ്പ് ഉദ്യോഗസ്ഥരും എത്തിയത് ആരുടെ സമ്മർദ്ദ പ്രകാരമാണെന്ന വിവരവും വൈകാതെ പുറത്തു വരും.