hemophelia

കണ്ണൂർ: സർക്കാർ ഹീമോഫീലിയ രോഗികൾക്ക് പ്രഖ്യാപിച്ച ധനസഹായ പദ്ധതിയായ സമാശ്വാസം മുടങ്ങിയിട്ട് ആറ് മാസം. പദ്ധതിയുടെ തുടക്കം മുതൽ ധനസഹായം കൃത്യമായി ലഭിച്ചിരുന്നില്ലെന്ന പരാതി നിലനിൽക്കെയാണ് .പ്രതിമാസം 1000 രൂപയാണ് സാമൂഹികസുരക്ഷാ മിഷൻ നൽകിയിരുന്നത്. 1450 പേരാണ് ഗുണഭോക്താക്കളായി ഉള്ളത്. 2019ന് ശേഷം പുതിയ രജിസ്‌ട്രേഷൻ നടക്കാത്തതിനാൽ കുട്ടികൾക്ക് ഉൾപ്പെടെ നാനൂറോളം രോഗികൾക്ക് അപേക്ഷിക്കാനും കഴിഞ്ഞിട്ടില്ല.

ചികിത്സയ്ക്കും മരുന്നിനും വൻ പണചെലവുള്ളതിനാൽ ഹീമോഫീലിയ അടക്കമുള്ള രോഗങ്ങൾ പരിരക്ഷയിൽ ഉൾപ്പെടുത്താൻ ഇൻഷുറൻസ് കമ്പനികൾക്കും താൽപര്യമില്ലെന്ന് ഹീമോഫീലിയ സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. സംസ്ഥാനത്ത് രണ്ടായിരത്തിലധികം ഹീമോഫീലിയ രോഗികളുണ്ട്. ഇവർക്കെല്ലാം കൃത്യസമയത്ത് കൃത്യഅളവിൽ മരുന്നു ലഭിക്കേണ്ടതുണ്ട്. എന്നാൽ മരുന്ന് മുടങ്ങിയതോടെ വേദന സഹിച്ചുകഴിയേണ്ട അവസ്ഥയിലാണ് ഈ രോഗികൾ.മരുന്നുക്ഷാമം വരുമ്പോൾ താൽക്കാലിക ആശ്വാസമെന്ന നിലയിൽ രോഗികൾ ഇപ്പോൾ വേദനസംഹാരി ഉപയോഗിക്കുകയാണ്.

സ്വകാര്യാശുപത്രിയിൽ ചികിത്സ പൊള്ളും
സ്വകാര്യ ആശുപത്രികളിൽ ഒരു ഹീമോഫിലിയ കുത്തിവെപ്പിന് ഏകദേശം 2800 മുതൽ 3500 രൂപയും മരുന്നിന് പ്രതിമാസം 25000 രൂപയോളവും ചെലവാകും. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഈ ചെലവ് താങ്ങാൻ സാധിക്കാത്തതാണ്. മാത്രമല്ല സ്വകാര്യ ആശുപത്രികളിൽ ഈ മരുന്നുകൾ ലഭിക്കുന്നതും വളരെ വിരളമാണ്.

പരിഹാരമില്ലാതെ മരുന്ന് ക്ഷാമം

ആഷാധാര പദ്ധതിയിലൂടെയാണ് ഹീമോഫീലിയ രോഗികൾക്ക് മരുന്നുകൾ ലഭിക്കുന്നത്. സാധാരണ ടെൻഡർ എടുക്കുന്ന മരുന്ന് കമ്പനികളിൽ ഫാക്ടർ 8ന്റെ ഉത്പാദനം കുറഞ്ഞതാണ് ക്ഷാമത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ മറുപടി

. മറ്റു ചില കമ്പനികളുടെ മരുന്ന് ലഭ്യമാണെങ്കിലും നിലവാരം കുറവായതിനാൽ എടുക്കുന്നില്ല. മികച്ച കമ്പനികളുടെ മരുന്ന് ലഭ്യമായിട്ടും വില കൂടുതലും സാമ്പത്തിക പ്രതിസന്ധിയും കാരണം ടെൻഡർ ക്ഷണിക്കുന്നില്ലെന്നാണ് ആക്ഷേപം.


ഹീമോഫീലിയ

ഹീമോഫീലിയ ഒരു ആജീവനാന്ത രക്തസ്രാവ രോഗമാണ്. രോഗികളുടെ സന്ധികളിലും പേശികളിലും സ്വയമേവ രക്തസ്രാവമുണ്ടാകും. കൃത്യമായ മരുന്ന് നൽകിയില്ലെങ്കിൽ ജീവന് തന്ന ഭീഷണിയാകും. ഇത്തരത്തിൽ രക്തസ്രാവമുണ്ടാകുമ്പോൾ മരുന്നിനായി മെഡിക്കൽ കോളജിലേക്ക് ഓടേണ്ട ഗതികേടിലാണ് രോഗികൾ. എല്ലാ രോഗികൾക്കും ഈ സമയം യാത്ര ചെയ്യാനും സാധിക്കില്ല.

സമാശ്വാസം

പ്രതിമാസ സഹായം 1000

ഗുണഭോക്താക്കൾ 1450

അവസാന രജിസ്ട്രേഷൻ 2019

അംഗത്വം കാത്ത് 400

പദ്ധതി മുടങ്ങി മാസം 6

പ്രതിമാസം മരുന്നിന് 25000


ഹീമോഫീലിയ രോഗികൾക്കുള്ള മരുന്ന് ആവശ്യത്തിന് ലഭിക്കുന്നില്ല. കഴിഞ്ഞ നാലുമാസത്തിലേറെയായി സർക്കാർ പ്രഖ്യാപിച്ച വിതരണ കേന്ദ്രങ്ങളിൽ ഫാക്ടർ 8 മരുന്നുകളില്ല. രോഗികൾ നിരന്തരം പരാതിപ്പെട്ടിട്ടും താലൂക്ക് ആശുപത്രികളിൽ എവിടെയും മരുന്നുകളെത്തിച്ചിട്ടില്ല. നിലവിൽ സർക്കാർ മെഡിക്കൽ കോളജുകളിൽ മാത്രമാണ് മരുന്നുകളുണ്ടെക്കിലും. ഇവിടെയും കൂടുതൽ സ്റ്റോക്കുകളില്ല. ആവശ്യമായ സമയത്ത് മരുന്ന് രോഗികൾക്ക് ലഭിക്കാത്തതാണ് ഇപ്പോൾ രോഗികൾ നേരിടുന്ന പ്രധാന പ്രതിസന്ധി.

എം. എം. കരീം,

ഹീമോഫീലിയ സൊസൈറ്റി, കണ്ണൂർ ജില്ലാ കമ്മിറ്റി