
ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന ധ്വജസ്തംഭത്തിന്റെ തൈലാധിവാസം നടന്നു. ക്ഷേത്രം തന്ത്രി കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വടകര തച്ചോളി മാണിക്കോത്ത് ദാമോദരൻ വൈദ്യരുടെ നേതൃത്വത്തിലാണ് തൈലാധിവാസത്തിനുള്ള എണ്ണ തയ്യാറാക്കിയത്. 24 കൂട്ടം അങ്ങാടിമരുന്നുകളും അഞ്ചു തരം എണ്ണയും ചേർത്താണ് തൈലം തയ്യാറാക്കിയത്. ചെറുതാഴം ശങ്കരൻ ആചാരി. സനന്ദൻ എടക്കാട്, പ്രദീപൻ മാലൂർ എന്നിവരുടെ നേതൃത്വത്തിലാണ് ധ്വജസ്തംഭം പൂർത്തീകരിച്ചത്. തിരുവനന്തപുരം സ്വദേശി രാജേഷ് പടിഞ്ഞാറ്റയാണ് ധ്വജസ്തംഭം ക്ഷേത്രത്തിന് സമർപ്പിക്കുന്നത്. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി. ബിജു, തലശ്ശേരി അസി. കമ്മിഷണർ എൻ.കെ ബൈജു, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം. മനോഹരൻ, ക്ഷേത്രം മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരി, ചെയർമാൻ എ.കെ. മനോഹരൻ, മറ്റ് ട്രസ്റ്റി ബോർഡ് അംഗങ്ങൾ, ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.