kappal-1
ധര്‍മടത്ത് കടലില്‍ കിടക്കുന്ന കപ്പല്‍ഭാഗം

കണ്ണൂർ: ധർമ്മടം തുരുത്തിന് സമീപം കടലിൽ അഞ്ചു വർഷമായി കുടുങ്ങിക്കിടക്കുന്ന കപ്പൽ പൊളിച്ചു മാറ്റുന്ന പ്രവൃത്തി പൂർണ്ണമാകാത്തത് കടലോരത്ത് കഴിയുന്ന മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്നു.

കപ്പൽ കടലിൽ വച്ച് പൊളിക്കുന്നത് കടൽ മലിനമാകാൻ ഇടയാക്കുമെന്നും മത്സ്യ സമ്പത്തിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ആദ്യം തടഞ്ഞിരുന്നു. പിന്നീട് പലതവണ ചർച്ച നടത്തിയതിനു ശേഷമാണ് പൊളിക്കാൻ ആരംഭിച്ചത്. പക്ഷേ സാങ്കേതിക തടസ്സങ്ങൾ മൂലം നിർത്തിവച്ച പണി ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. എപ്പോൾ പൂർത്തീകരിക്കാനാകുമെന്ന് പറയാൻ സാധിക്കാത്ത അവസ്ഥയും. കപ്പലുള്ളതിനാൽ ചെറു മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങാനാകാതെ വലയുകയാണ്.

2019 ആഗസ്റ്റ് മാസമാണ് മാലദ്വീപിൽ നിന്നും എത്തിയ ഒയീവാലി എന്ന കപ്പൽ ധർമ്മടത്ത് കടലിൽ കുടുങ്ങിയത്. അഴീക്കൽ സിൽക്കിലേക്ക് പൊളിക്കാൻ കൊണ്ടുവരവേ കപ്പൽ വലിച്ചു കൊണ്ടുവരുന്ന ടഗ്ഗിന്റെ വടം പൊട്ടി കടലിൽ പെടുകയായിരുന്നു.

രണ്ട് വർഷം മുമ്പ് ജില്ലാ ഭരണകൂടവും കപ്പൽ പൊളിക്കുന്ന സിൽക്ക് കമ്പനിയും തമ്മിലുള്ള ധാരണ പ്രകാരമാണ് പകുതി ഭാഗങ്ങൾ പൊളിച്ചു നീക്കിയത്.


മത്സ്യ സമ്പത്തിനാൽ അനുഗ്രഹീതം

അറുന്നൂറ് മാറ് നീളവും ഇരുപത് മാറ് വീതിയുമുള്ള, അറുപത് പേർ ചേർന്ന് വലിക്കുന്ന വല ഉപയോഗിച്ചാണ് ഈ മേഖലയിൽ തൊഴിലാളികൾ മീൻ പിടിക്കുന്നത്. കപ്പൽ കിടന്നയിടത്ത് നിന്ന് 6070 മീറ്റർ ദൂരത്തിലാണ് അഴിമുഖം. ഇവിടെ ഈ മേഖലയിൽ ഓരോ കാലാവസ്ഥയിലും പ്രത്യേക മീനുകൾ വന്ന് നിറയും. കപ്പലിന്റെ ശേഷിക്കുന്ന ഭാഗമുള്ളതിനാൽ സുരക്ഷിതമായി വലയിടാനോ തൊഴിൽ ചെയ്യാനോ ആവുന്നില്ല.


കപ്പൽ പൊളിക്കൽ ദുഷ്‌കരം

ഇതിനിടെ മൂന്ന് കരാർ കമ്പനികൾ കപ്പൽ പൊളിക്കാൻ ശ്രമിച്ചിട്ടും നടപ്പാകാതെ തിരിച്ച് പോവുകയായിരുന്നു. മുംബയിലെ ബുറാനി എന്ന കമ്പനിയാണ് ഇപ്പോൾ കപ്പൽ പൊളിച്ചു നീക്കാൻ ശ്രമിക്കുന്നത്. കപ്പൽ പൊളിക്കാനുള്ള ക്രെയിനും മറ്റ് ഉപകരണങ്ങളും കടലോരത്ത് എത്തിക്കാൻ കഴിയാത്തതിനാൽ ആദ്യ കമ്പനിയുടെ ശ്രമം മുടങ്ങി. രണ്ടാമത് വന്നവർ കാലാവസ്ഥ വ്യതിയാനത്താൽ ഒഴിഞ്ഞുപോയി. മുംബയ് കമ്പനി കപ്പലിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ ഉയർത്തി മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്.


കൊണ്ടുവന്നത് നിയമം ലംഘിച്ച്

പൊളിക്കാൻ കൊണ്ടു വരുന്ന കപ്പലുകൾ മഴക്കാലത്ത് കൊണ്ടു പോകരുതെന്ന നിയമം കാറ്റിൽ പറത്തിയാണ് ടഗ്ഗിൽ ബന്ധിച്ച് കൊണ്ടു വന്നത്. കപ്പലിനകത്ത് കയറിയ മഴ വെള്ളം നീക്കാനെന്ന വ്യാജേന മാരകമായ രാസപദാർത്ഥങ്ങൾ കടലിലേക്ക് ഒഴുക്കാൻ ശ്രമിച്ചുവെന്ന് ദേശവാസികൾ ആരോപിച്ചിരുന്നു. പോർട്ട് അധികൃതർക്കും കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിനും പരാതി നൽകുകയും ചെയ്തിരുന്നു.

പത്തറുപതിലേറെ പേർ വലവിശുന്ന സ്ഥലമാണിത്. ഇപ്പോൾ വല കപ്പൽ ഭാഗങ്ങളിൽ കുടുങ്ങുകയാണ്. അപ്പോൾ തോണി മറിയും. മഴക്കാലത്ത് ചെറുവലയിടാൻ സാധിക്കാത്ത അവസ്ഥയാണ്'

ധർമ്മടത്തെ മത്സ്യതൊഴിലാളി കീരാലി ദിനേശൻ.