കണ്ണൂർ: ചെക്ക് ബുക്ക് മോഷ്ടിച്ച് വ്യാജ ഒപ്പിട്ട് 15 ലക്ഷം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ കോടതി നിർദേശ പ്രകാരം കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. താവക്കര സ്വദേശി റിഷാൽ ആർ. ഹംസയുടെ(24) പരാതിയിൽ അലവിൽ സ്വദേശിനികളായ സഹീദ (44), ഫിദ(24) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബന്ധുക്കളായ പ്രതികൾ വീട്ടിൽ താമസിക്കാനെത്തിയപ്പോൾ ചെക്ക് ബുക്ക് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് റിഷാലിന്റെ പേരിൽ വ്യാജ ഒപ്പിട്ട് 15 ലക്ഷം തട്ടിയെടുക്കാൻ ശ്രമിച്ചു. പണം പിൻവലിക്കാനായി ബാങ്കിൽ ചെക്ക് ബുക്ക് സമർപ്പിച്ചപ്പോൾ ഒപ്പ് ശരിയാകാത്തതിനെ തുടർന്ന് ചെക്ക് തിരിച്ച് വന്നപ്പോഴാണ് തട്ടിപ്പ് മനസിലായതെന്ന് പരാതിയിൽ പറയുന്നു. ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് രണ്ട് സ്ത്രീകളാണ് ചെക്ക് സമർപ്പിച്ചതെന്നും പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും പരാതിയിൽ പറയുന്നു. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.