help-desk

പയ്യന്നൂർ: സ്കൂൾ കലോത്സവ നഗരിയിലേക്ക് എത്തുന്ന പതിനായിരങ്ങളെ വരവേൽക്കുവാനും പയ്യന്നൂരിന്റെ ചരിത്ര പ്രാധാന്യവും കലോത്സവവേദി സംബന്ധിച്ച വിവരങ്ങളും അറിയാനുമായി നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി സ്റ്റെപ്സ് ഇൻഫർമേഷൻ ഡസ്ക് . ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ ബാബു മഹേശ്വരി പ്രസാദ് ഉദ്ഘാടനം ചെയ്തു. ടി.ഐ.മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ.ജ്യോതി ബസു, നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, കെ.ശശീന്ദ്രൻ, വി.പി.മോഹനൻ, പി.സുഗുണൻ, കെ.കെ.ഫൽഗുണൻ, സി വി.രാജു സംസാരിച്ചു.

കലോത്സവ വേദികൾ, പാർക്കിംഗ് സൗകര്യങ്ങൾ, പവലിയനുകൾ, പ്രാഥമികാരോഗ്യ സംവിധാനങ്ങൾ, ഭക്ഷണ ശാല തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും ഡസ്കിൽ നിന്ന് നൽകുന്നുണ്ട്. 'ഗാന്ധി സ്മൃതി മ്യൂസിയം, നവോത്ഥാന നായകൻ സ്വാമി ആനന്ദതീർത്ഥൻ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയം, ഗാന്ധിജി നട്ട ഗാന്ധിമാവ്, ഗാന്ധിജിയുടെ പയ്യന്നൂർ സന്ദർശനത്തിന്റെ ഓർമ്മ നിലനിൽക്കുന്ന ഗാന്ധി പാർക്ക്, 1930 ൽ ഉപ്പുസത്യാഗ്രഹം നടന്ന ഉളിയത്ത് കടവ്, 1942ലെ ക്വിറ്റിന്ത്യ സമര സ്മാരകം, ജവഹർലാൽ നെഹ്റുവിന്റെ അദ്ധ്യക്ഷതയിൽ ഇന്ത്യക്ക് പൂർണ്ണ സ്വരാജ് എന്ന പ്രമേയം ആദ്യമായി പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം നടന്ന മൈതാനം ഉത്തര കേരളത്തിലെ പ്രകൃതി രമണീയമായ ഏറ്റവും വലിയ കവ്വായിക്കായൽ, ഉത്തര കേരളത്തിലെ പഴനി എന്ന പേരിൽ പ്രസിദ്ധമായ പതിനഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ആരാധന മഹോത്സവം നടക്കുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവയിലേക്കുള്ള വഴികളും പ്രാധാന്യങ്ങളും വിവരങ്ങളും ഇൻഫർമേഷൻ കൗണ്ടറിൽ ലഭ്യമാണ്. പയ്യന്നൂർ ഷേണായി സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് കൗണ്ടറിൽ വിവരങ്ങൾ നൽകുന്നത്.