
പയ്യന്നൂർ:പതിനായിരങ്ങളെ അന്നമൂട്ടുന്ന കലോത്സവ നഗരിയിലെ ഊട്ടുപുര ഇന്നലെ രാവിലെ മുതൽ സജീവമായി. ഉപ്പുമാവും കടല കറിയും ചായയുമായിരുന്നു പ്രഭാത ഭക്ഷണം. ഉച്ചക്ക് ഊണിന് ചോറ്, സാമ്പാർ, കൂട്ടുകറി, പച്ചടി ,അച്ചാർ, അരി പായസം എന്നിവയായിരുന്നു വിഭവങ്ങൾ. വൈകീട്ട് ചായയും ലഘു ഭക്ഷണവും .
ദിവസവും അയ്യായിരത്തോളം പേർക്കാണ് ഭക്ഷണമൊരുക്കുന്നത്. അഞ്ച് ദിവസങ്ങളിലായി മുപ്പതിനായിരത്തിനും മുപ്പത്തയ്യായിരത്തിനുമിടയിൽ പേർ ഊട്ടുപുരയിൽ എത്തുമെന്നാണ് ഭക്ഷണ കമ്മിറ്റി പ്രതീക്ഷിക്കുന്നത്. ഇതിനാവശ്യമായ ഒരുക്കങ്ങളെല്ലാം തയ്യാറാക്കിക്കഴിഞ്ഞു.720 ഓളം പേർക്ക് ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.പാചക വിദഗ്ദ്ധൻ കെ.യു.ദാമോദര പൊതുവാളുടെ നേതൃത്വത്തിൽ 20 ഓളം പേരാണ് ഊട്ടു പുരയിൽ പയ്യന്നൂരിന്റെ തനത് രുചിപെരുമ പകർന്ന് നൽകുവാനായി രാപകൽ പ്രവർത്തിക്കുന്നത്.