adm-naveen-babu

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഏറെ നിർണായകമാകുന്ന പ്രശാന്തന്റെ വ്യാജ പരാതിക്ക് പിന്നിലെ വസ്തുത കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘവും മടിച്ചുനിൽക്കുന്നു. എ.ഡി.എം. നവീൻ ബാബുവിന്റെ മരണ വിവരം പുറത്തറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം, കൈക്കൂലി ആവശ്യപ്പെട്ടതിന്റെ പേരിൽ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി. പ്രശാന്തൻ മുഖ്യമന്ത്രിക്കു നല്‍കിയ പരാതി എന്ന നിലയിൽ ഒരെണ്ണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.ചുമതല വഹിച്ച നവീൻ ബാബു എന്നു വിശേഷിപ്പിച്ചതുതന്നെ പരാതി തയ്യാറാക്കിയത് എ.ഡി.എമ്മിന്റെ മരണശേഷമാണെന്നതിന്റെ സൂചനയായി. പരാതിക്കാരന്റെ പേരിലും ഒപ്പിലും ഉള്ള വൈരുദ്ധ്യം മാദ്ധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു. പി.പി. ദിവ്യയ്ക്ക് പ്രതിരോധം തീർക്കാൻ പ്രശാന്തന്റെ പേരില്‍ സൃഷ്ടിച്ച പരാതിയ്ക്ക് പിന്നില്‍ തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.പി.എം. നേതാവാണെന്നാണ് സൂചന. ഈ വ്യക്തിക്ക് പ്രശാന്തുമായും നേരിട്ട് ബന്ധമുണ്ട്. ദിവ്യക്കെതിരെ ചുമത്തിയ ആത്മഹത്യാപ്രേരണക്കുറ്റം സംബന്ധിച്ച അന്വേഷണം മാത്രം നടത്തി കേസ് ഒതുക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.

പരാതിയിലുള്ളത് തന്റെ ഒപ്പ് തന്നെയെന്നും രണ്ട് ഒപ്പ് ഉണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തിന് ടി.വി പ്രശാന്തന്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കി. കൈയക്ഷര പരിശോധന നടത്തിയാല്‍ ആ ഒപ്പിട്ടത് പ്രശാന്താണോ എന്ന് തെളിയും.എന്നാല്‍ ശാസ്ത്രീയ രീതികളൊന്നും പൊലീസ് അവലംബിക്കുന്നില്ല.


ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍

1. ജില്ലാ കളക്ടര്‍ക്കും വിജിലന്‍സിനും ഉള്‍പ്പെടെ പരാതി നല്‍കാമായിരുന്നു. അതിനുപകരം മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂട്ടുപിടിച്ചത് എന്തിന്?

2. ഏതൊക്കെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് പരാതി കത്ത് പുറത്തുവന്നതും പ്രചരിച്ചതും?

3. പമ്പുമായി ദിവ്യയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നതില്‍ അന്വേഷണം നടക്കാത്തത് എന്തുകൊണ്ട്?

ദിവ്യ കാട്ടിയ അമിത താല്‍പ്പര്യത്തിന് പിന്നില്‍ എന്താണ്?

4. ആരാണ് യഥാര്‍ഥത്തില്‍ പെട്രോള്‍ പമ്പിനായി പണം മുടക്കുന്നത് ?

6. പെട്രോള്‍ പമ്പിന് എതിര്‍പ്പില്ലാരേഖ നൽകുന്നതിൽ നവീന്‍ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്ന് വ്യക്തമായിരിക്കേ, മറ്റെന്തെങ്കിലും വിഷയത്തിലെ വിരോധം തീർക്കാൻ ഇതു മറയാക്കിയതാണോ?