പാനൂർ: പാട്യം ഗ്രാമ പഞ്ചായത്തിലെ കൂത്തുപറമ്പ് -പാനൂർ റോഡിൽ പലയിടങ്ങളിലും റോഡിന്റെ ഇരുഭാഗങ്ങളിലും കാടുമൂടി ഡ്രൈവർമാരുടെ കാഴ്ച മറക്കുന്നു. വഴിയാത്രക്കാർക്ക് നടന്നു പോകാൻ റോഡരികിലിട്ട വരകൾ
ഇരുഭാഗങ്ങളിലും പലയിടങ്ങളിലും കാണുന്നില്ല. വളരെ വേഗതയിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ വഴി യാത്രക്കാർ കാടിലേക്ക് ചാടിക്കയറേണ്ട ഗതികേടിലാണ്.
ഇഴജീവികൾ പതിയിരിക്കുന്ന കാടുമൂടിയ റോഡരികിൽ ഓരം ചേർന്ന് നില്ക്കുന്നതിനു പോലും യാത്രക്കാർക്ക് ഭയമാണ്. കഴിഞ്ഞ ദിവസം സമീപത്തെ പത്തായക്കുന്ന് ടൗണിൽ മൂർഖൻ പാമ്പ് വാഹനം കയറി ചതഞ്ഞിരുന്നു. അതിനോടൊപ്പം രണ്ടു മൂർഖൻ കുട്ടികളുമുണ്ടായിരുന്നുവെന്ന് കണ്ടവർ പറയുന്നു.
പത്തായക്കുന്ന് ഗുരുദേവ വിലാസം വായനശാല പറമ്പ് മുതൽ പാത്തിപ്പാലം വരെയുള്ള റോഡിന്റെ അവസ്ഥ ഇതാണ്.
ഓവുചാലുകൾക്ക് സ്ലാബുകളുമില്ല
പത്തായക്കുന്നിലെ പാട്യം എൽ.പി.സ്‌കൂളിന്റെ മുന്നിലുള്ള വളവിൽ ഓവുചാലുകൾക്ക് സ്ലാബുകൾ പോലും ഇല്ല. കൂടാതെ കാടും. എങ്ങനെ കുഞ്ഞുങ്ങളെ ധൈര്യത്തിൽ സ്കൂളിൽ വിടും. പലരും പരാതി പറഞ്ഞിട്ടും സ്ലാബ് ഇടുന്നതിന് വർഷങ്ങളായി നടപടിയൊന്നുമില്ല. പിഞ്ചു കുട്ടികളുടെ കൈയും പിടിച്ച് റോഡരികിലൂടെ കടന്നുപോവുക എന്നത് ദുഷ്‌കരമാണ്.
ഒന്നോ രണ്ടോ ദിവസങ്ങൾ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി റോഡരികിലുള്ള കാട് വൃത്തിയാക്കുന്നതിൽ എന്തിനാണ് അധികൃതർ മടി കാണിക്കുന്നത്.
നാട്ടുകാർ