krishnan-master

എൻ.വി.കൃഷ്ണൻ മഞ്ജുവാര്യർ അടക്കമുള്ള പ്രതിഭകളെ മിനുക്കിയെടുത്ത പരിശീലകൻ

പയ്യന്നൂർ: താൻ കലാലോകത്ത് ആദ്യ ചുവടു വച്ച സ്‌കൂളിൽ കലോത്സവം പൊടിപൊടിക്കുമ്പോൾ എൻ.വി.കൃഷ്ണനെന്ന നാട്യഗുരുവിന് വീട്ടിൽ ഇരിക്കാൻ കഴിയുമായിരുന്നില്ല.മഹാപ്രതിഭകളായ ശിഷ്യരും ശിഷ്യരുടെ ശിഷ്യരുമൊക്കെയായി നൃത്തലോകം വണങ്ങുന്ന മഹാദേവ ഗ്രാമത്തിലെ കൃഷ്ണൻ മാസ്റ്റർ 76ാം വയസിലെത്തിയിട്ടും നാട്യങ്ങളൊന്നുമില്ലാതെയാണ് കലോത്സവനഗരിയിലെത്തിയത്.

പയ്യന്നൂർ ഗവ.ബോയ്സ് ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ 1965ൽ ആറാം ക്ലാസിൽ വച്ചാണ് ഇദ്ദേഹം നൃത്തലോകത്ത് ചുവടുവച്ചത്.പുതിയ തലമുറയുടെ നൃത്താഭിരുചി കൃഷ്ണൻമാസ്റ്റർ കണ്ടറിഞ്ഞു. മലയാളത്തിന്റെ സൂപ്പർതാരം മഞ്ജു വാരിയർ ഉൾപ്പെടെയുള്ള കലാപ്രതിഭകളെ തേച്ചുമിനുക്കിയെടുത്ത നർത്തകന്റെ മുഖത്ത് വേദിയുടെ മുന്നിലെത്തിയപ്പോൾ ആഹ്ലാദത്തിന്റെ മുദ്രകൾ. ഷംന കാസിം, പാർവതി നമ്പ്യാർ, ഹീര നമ്പൂതിരി, സയനോര ഫിലിപ്പ്, ചിത്ര അയ്യർ, വിപിൻദാസ്, വിനീത്കുമാർ തുടങ്ങി പ്രതിഭാശാലികളായ കലാകാരന്മാർക്കും കലാകാരികൾക്കും നൃത്തച്ചുവടുകൾ പഠിപ്പിച്ചുകൊടുത്ത ഗുരുനാഥനാണ് എൻ.വി. കൃഷ്ണൻ. അദ്ദേഹത്തിന്റെ ശിഷ്യർക്കും അനേകം ശിഷ്യരുണ്ട്.

എട്ടാം വയസ്സിൽ കളരിപരിശീലനത്തിലൂടെയാണ് കൃഷ്ണൻ എന്ന കലാകാരൻ രംഗത്തെത്തുന്നത്. 1949 മേയ് 10ന് എരമത്താണ് ജനനം. കളരിക്കൊപ്പം പയ്യന്നൂർ കോൽക്കളിയും കഥകളിയും പഠിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഇരുപതാം വയസ്സിൽ ചെന്നൈ അഡയാർ കലാക്ഷേത്രം വിദ്യാർത്ഥിയായതാണ് വഴിത്തിരിവായത്. പിന്നീട് അദ്ധ്യാപകനുമായി. പയ്യന്നൂർ മഹാദേവഗ്രാമത്തിലെ സ്വന്തം നാട്ടുകാരനും സഹോദരതുല്യനുമായ നൃത്തപ്രതിഭ വി.പി.ധനഞ്ജയനൊപ്പമായിരുന്നു പിന്നീട് കലാസപര്യ. 1985ൽ തിരിച്ചെത്തി പയ്യന്നൂരിലും കണ്ണൂരിലുമായി ഭരതാഞ്ജലി എന്ന നൃത്തവിദ്യാലയം തുടങ്ങി.

ഇപ്പോൾ 38 വർഷമായി പയ്യന്നൂർ മഹാദേവഗ്രാമത്തിലാണ് താമസം. ഭാര്യ ഗീത നൃത്തരംഗത്തില്ലെങ്കിലും മക്കളായ സംഘമിത്രയും മഹേന്ദ്രനും അംബരീഷും നൃത്തരംഗത്ത് കൃഷ്ണൻമാസ്റ്റർക്ക് പിൻഗാമികളായി.സംഘമിത്രയും മകൾ വൈഗയും ഇപ്പോഴും നൃത്തത്തിൽ സജീവമാണ്.

സ്‌കൂൾ കലോത്സവങ്ങളുടെ മൂല്യമിടിഞ്ഞു. പക്കമേളത്തിനായി സി.ഡി. ഉപയോഗിക്കാൻ തുടങ്ങിയതോടെ തനിമ നഷ്ടമായി. പ്രതിഭാശാലികളായ കുട്ടികളുടെ കുറവുണ്ട്. ഭരതനാട്യം പോലുള്ള അതീവ ശ്രദ്ധ വേണ്ട ശാസ്ത്രീയ നൃത്തങ്ങളുടെ നിലവാരവും കുറഞ്ഞു. യഥാർത്ഥ നാട്യശൈലിയിൽനിന്ന് വിട്ടുപോകുന്ന അവസ്ഥയുണ്ട്. ഒരു കുട്ടിയെ വേദിയിലെത്തിക്കാൻ അറുപതിനായിരം രൂപ മുതൽ എൺപതിനായിരം വരെ ചെലവു വരുന്നതും ഗുണകരമല്ല-എൻ.വി.കൃഷ്ണൻ