
പയ്യന്നൂർ: ഭരതനാട്യത്തിൽ കഴിഞ്ഞ തവണ ലഭിച്ച മൂന്നാംസ്ഥാനം മെച്ചപ്പെടുത്താനുള്ള തീവ്ര പരിശ്രമത്തിലായിരുന്നു കൊട്ടിയൂർ മഞ്ഞളാമ്പുറം യു.പി.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അഗ്നേഷ്. എന്നാൽ കൊട്ടിയൂരിൽ നിന്നും ബസിൽ പയ്യന്നൂരിലേക്കുള്ള യാത്രയിൽ ഗതാഗത കുരുക്കിൽപെട്ട് കലോത്സവവേദിയിൽ റിപ്പോർട്ട് ചെയ്യുമ്പോഴേക്കും നിശ്ചിതസമയം കഴിഞ്ഞു. കോഡ് നമ്പർ ക്യാൻസൽ ചെയ്തതോടെ സങ്കടത്തിലായ കുട്ടി ഗുരുവായ സായന്ത് കൊട്ടിയൂരിനൊപ്പമെത്തി ഡെപ്യൂട്ടി ഡയരക്ടർക്ക് പരാതി നൽകി അനുമതി നേടിയെടുത്തു. ഫലം വന്നപ്പോൾ പതിനാറ് കുട്ടികൾ മത്സരിച്ച യു.പി.വിഭാഗം ഭരതനാട്യത്തിൽ ഏക ആൺതരിയായ അഗ് നേഷ് ഒന്നാമത്. കൊട്ടിയൂരിലെ അനീഷ് - മഹിജ ദമ്പതികളുടെ മകനാണ്.