
പയ്യന്നൂർ: അവതരണ ക്രമത്തെ ചൊല്ലി ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ ബഹളം.ഇതേ തുടർന്ന് മൂന്നു മണിക്കൂറോളം നിർത്തി വച്ച മത്സരം ഡി.ഡി.ഇയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയെ തുടർന്ന് വൈകീട്ട് മൂന്നോടെയാണ് പുനരാരംഭിച്ചത്. രാവിലെ രണ്ടു നാടകങ്ങൾ കഴിഞ്ഞപ്പോൾ തൊട്ടടുത്ത അവതരണക്രമം വാങ്ങിയ ടീം എത്താത്തതാണ് വേദിക്ക് മുന്നിൽ ബഹളത്തിനിടയാക്കിയത്. കാഴ്ചക്കാരുടെ ഭാഗത്ത് നിന്നായിരുന്നു ബഹളം. സംഘാടകരുടെ കുഴപ്പമല്ലെങ്കിലും മറുപടി പറയേണ്ട നിസ്സഹായവസ്ഥയിലായിരുന്നു പ്രോഗ്രാം കമ്മിറ്റി അധികൃതർ. അവതരണക്രമം വാങ്ങിച്ചശേഷം വൈകി വേദിയിലെത്താൻ വേണ്ടി മനപൂർവ്വം നറുക്കെടുപ്പിന് വരാതിരിക്കുന്നചില സംവിധായകരുടെ പതിവ് പരിപാടിയാണിതെന്നാണ് നാടകപ്രേമികൾ പറയുന്നത്. ഒടുവിൽ റിപ്പോർട്ട് ചെയ്തിട്ടും നറുക്കെടുപ്പിന് വരാതിരുന്ന രണ്ട് ടീമുകളുടെ അവതരണം റദ്ദാക്കി.എന്നാൽ തുടർന്നുള്ള ചർച്ചയിൽ ഇവർക്ക് വീണ്ടും അവസരം നൽകുകയായിരുന്നു.