
പയ്യന്നൂർ: പയ്യന്നൂർ പെരുമാളുടെ പ്രധാന ഉത്സവമായ ആരാധനയും കൗമാരക്കാരുടെ കലോത്സവവും ഒന്നിച്ചെത്തിയപ്പോൾ രണ്ടിടത്തുമെത്താൻ ഓട്ടപ്പാച്ചലിലാണ് പയ്യന്നൂരുകാർ.പതിനാറാം തീയതിയാണ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം തുടങ്ങിയത്. പതിനഞ്ചുദിനം നീണ്ട ആരാധനാ ഉത്സവത്തിന്റെ സമാപനം 30നാണ്. ചൊവ്വാഴ്ച തുടങ്ങിയ സ്കൂൾ കലോത്സവം ശനിയാഴ്ച വരെ നീളും.
ആരാധനയുടെ ഭാഗമായി ക്ഷേത്രകലകൾ അരങ്ങിലെത്തുന്നുണ്ട്. കലോത്സവത്തിലെ ഭരതനാട്യം, മോഹിനിയാട്ടം , നാടോടി നൃത്തം, ഒപ്പന എന്നിവ അരങ്ങേറിയ വേദികളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പൊള്ളുന്ന വെയിലിനെ വക വെക്കാതെയാണ് ജനസഞ്ചയം കലോത്സവവേദിയിലെത്തുന്നത്.
പുതിയ ഇനങ്ങൾ കിടിലൻ
ആദ്യമായി അരങ്ങിലെത്തുന്ന ഗോത്രകലകൾ കാണാൻ ഒട്ടേറെ ആസ്വാദകർ എത്തുന്നു. വേദി എട്ടിൽ അരങ്ങേറിയ മംഗലം കളി , പണിയനൃത്തം, മലപുലയ ആട്ടം എന്നിവ അത്ഭുതത്തോടും ആകാംക്ഷയോടുമാണ് ആളുകൾ കണ്ടത്. ഇന്ന് ഇതെ വേദിയിൽ എത്തുന്ന ഇരുള നൃത്തം , പാലിയ നൃത്തം എന്നിവയ്ക്കും കലോത്സവ വേദി ആദ്യമായാണ് ലഭിക്കുന്നത്.
ബോയ്സ് ഹൈസ്കൂൾ ഓഡിറേറാറിയത്തിലെ വേദി ഒന്നിൽ ഇന്ന് കുച്ചുപ്പുടി, വേദി രണ്ടിൽ തിരുവാതിര എന്നീ ക്ളാസിക് നൃത്തയിനങ്ങളും വേദി ആറിൽ കഥകളിയും അരങ്ങേറും.