divyasree

കരിവെള്ളൂർ( കണ്ണൂർ): വനിതാപൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷൻ സി.പി.ഒ കരിവെള്ളൂർ പലയേരിക്കൊവ്വൽ സ്വദേശിനി ദിവ്യശ്രീ( 30) ആണ് കൊല്ലപ്പെട്ടത്. ഓടി രക്ഷപ്പെട്ട പ്രതി രാജേഷിനെ (33) മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. പെയിന്റിംഗ് തൊഴിലാളിയാണ് ഇയാൾ. ദിവ്യശ്രീയുടെ പിതാവ് കെ.വാസുവിന് അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പ്രണയവിവാഹിതരായ ഇരുവരും സമീപകാലത്തായി സാമ്പത്തികവിഷയം ഉൾപ്പെടെയുള്ള കാരണങ്ങളാൽ അകൽച്ചയിലായിരുന്നു. ഇന്നലെ കണ്ണൂർ കുടുംബ കോടതി ഇവരുടെ കേസ് പരിഗണിച്ചിരുന്നു. കോടതിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് രാജേഷിന്റെ അക്രമം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വൈകുന്നേരം ഇരുവരും തമ്മിൽ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമൊന്നും ആയിരുന്നില്ല.

ദിവ്യശ്രീയുടെ വീട്ടിൽ കയറിയ രാജേഷ് കണ്ടപാടെ ഭാര്യയെ ആക്രമിക്കുകയായിരുന്നു. രാജേഷിന്റെ കൈയിൽ പെട്രോൾ നിറച്ച കുപ്പിയുമുണ്ടായിരുന്നു. വീട്ടിനുള്ളിൽ കയറി തീകൊളുത്തി കൊല്ലാനായിരുന്നു ശ്രമം. ദിവ്യശ്രീ ചെറുക്കുകയും ബഹളംവച്ച് പുറത്തേക്ക് ഓടുകയും ചെയ്തതോടെ പിറകെ എത്തി വെട്ടുകയായിരുന്നു. ഗേറ്റിനടുത്ത് വെട്ടുകൊണ്ടുവീണ യുവതിയെ നാട്ടുകാർ പയ്യന്നൂർ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളെ അക്രമിക്കുന്നത് തടയാൻ ഓടിയെത്തിയ റിട്ട. മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥനായ വാസുവിന് വയറിനും കൈക്കും വെട്ടേറ്റു.

കൃത്യം നടത്തിയശേഷം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട രാജേഷിനെ മണിക്കൂറുകൾക്കകം കണ്ണൂർ പുതിയ തെരുവിൽ വച്ച് വളപട്ടണം പൊലീസ് പിടികൂടി. വിവരമറിഞ്ഞ് കണ്ണൂർ എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു.

തിരുവനന്തപുരം ബറ്റാലിയൻ യൂണിറ്റിലെ ഉദ്യോഗസ്ഥയായ ദിവ്യശ്രീ വർക്കിംഗ് അറേഞ്ച്‌മെന്റ് പ്രകാരമാണ് ഒന്നര വർഷത്തോളം ചന്തേര പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫീസറായി ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനു മുമ്പാണ് ബറ്റാലിയൻ യൂണിറ്റിലേക്ക് തന്നെ ദിവ്യശ്രീയെ തിരിച്ചുവിളിച്ചത്. കുടുംബ കോടതിയിലെ കേസിന്റെ ഭാഗമായും ശബരിമല ഡ്യൂട്ടിക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിനായുമുള്ള സാധനങ്ങൾ ക്രമീകരിക്കാനുമാണ് രണ്ടു ദിവസത്തെ അവധിക്ക് വീട്ടിൽ വന്നത്.

പരേതയായ റിട്ട. ജില്ല നഴ്സിംഗ് ഓഫീസർ പാറുവാണ് ദിവ്യശ്രീയുടെ മാതാവ്. സഹോദരി: പ്രബിത (സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ചെറുപുഴ). മകൻ: ആശിഷ് (ഏഴാം ക്ലാസ് വിദ്യാർത്ഥി).