
കണ്ണൂർ: ആത്മകഥാ വിവാദത്തിൽ ഇ.പി.ജയരാജന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കോട്ടയം എസ്.പി. ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ കണ്ണൂർ കീച്ചേരിയിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. കരാർ ഇല്ലെങ്കിലും പുസ്തക പ്രസിദ്ധീകരിക്കാൻ ഇ.പിയുമായി ധാരണ ഉണ്ടായിരുന്നെന്ന ഡി.സി ബുക്സ് ജീവനക്കാരുടെ മൊഴിയിൽ വ്യക്തത വരുത്താനാണിത്.
'കട്ടൻചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം 'എന്ന പേരിൽ ഇ.പി.ജയരാജന്റെ ആത്മകഥ പുറത്തിറക്കുന്നതായി ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിൽ ദിനത്തിലാണ് ഡി.സി.ബുക്സ് അവകാശപ്പെട്ടത്. അങ്ങനെയൊരു ആത്മകഥയില്ലെന്ന നിലപാടാണ് ഇ.പി. ജയരാജൻ സ്വീകരിച്ചത്. സംഭവം അന്വേഷിക്കണമെന്ന ഇ.പിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മകഥ യഥാർത്ഥമാണോ, വ്യാജമോ എന്നാണ് അന്വേഷിക്കുന്നത്.
ഡി.സി ബുക്സ് ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആത്മകഥയെഴുതാൻ ഇ.പിയെ സഹായിച്ച പത്രപ്രവർത്തകന്റെയും ഇ.പി. ജയരാജന്റെയും മൊഴിയെടുക്കുന്നത്. ചില ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങളും ജീവനക്കാർ പൊലീസിന് കൈമാറിയിരുന്നു.
പ്രചരിച്ച മിക്ക ഭാഗങ്ങളും ഇ.പിയുടെ ആത്മകഥയിലേത് തന്നെയെന്ന സൂചനയാണ് പൊലീസിന് ലഭിച്ചത്. പത്രപ്രവർത്തകൻ ഇത് നിഷേധിച്ചിട്ടുമില്ല. ഇന്ന് പത്രപ്രവർത്തകന്റെ മൊഴിയെടുത്തേക്കും.
കോട്ടയം എസ്.പി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. രവി ഡി.സിയുടെ മൊഴിയും രേഖപ്പെടുത്തും.
ആത്മകഥാ ഭാഗങ്ങൾ പ്രചരിച്ച വിവാദത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് ജയരാജന്റെ ആരോപണം. പുസ്തകത്തിലെ ഭാഗങ്ങൾ ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്നതിന് പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല.