
പയ്യന്നൂർ : നാല് ദിവസമായി കണ്ണിനും കാതിനും കുളിർമ്മ നൽകിയ കണ്ണൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. ഉപജില്ലാതല വിജയികളെ അറിയാൻ വൈകുമെങ്കിലും സമാപന സമ്മേളനം വൈകീട്ട് 4ന് ഗവ.ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലെ വേദി ഒന്നിൽ നടക്കും. ടി.ഐ.മധുസൂദനൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ നിയമസഭ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ആണ് ഉദ്ഘാടകൻ. എം.പി.മാരായ കെ.സുധാകരൻ, രാജ് മോഹൻ ഉണ്ണിത്താൻ , എം.എൽ.എ.മാരായ കെ.കെ.ശൈലജ,സജീവ് ജോസഫ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉപഹാര സമർപ്പണം നടത്തും.
28 റോളിംഗ് ട്രോഫികൾ, 420 വ്യക്തിഗത സമ്മാനങ്ങൾ
വിജയികൾക്ക് നൽകുവാനായി 28 റോളിംഗ് ട്രോഫിയും 420 വ്യക്തിഗത കീർത്തി മുദ്രകളുമടക്കം മൊത്തം 448 സമ്മാനങ്ങളാണ് ഇക്കുറി തയ്യാറാക്കിയിട്ടുള്ളത്. മംഗലം കളിക്കും ഇരുള നൃത്തത്തിനും റോളിംഗ് ട്രോഫി നൽകുവാൻ തീരുമാനിച്ചതോടെയാണ് എണ്ണം 28 ആയത്. എല്ലാ വിഭാഗങ്ങളിലും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഉപജില്ലക്ക് നൽകുന്നത് 2005 ൽ നെയ്യഞ്ചേരി കുമാരൻ മൂസ്സതിന്റെ ഓർമ്മക്കായി തയ്യാറാക്കിയ ഓവർ ഓൾ റോളിംഗ് ട്രോഫിയാണ്.
ആർക്കും പരാതിയില്ല
ഏഴ് വർഷത്തിന് ശേഷം വീണ്ടും പയ്യന്നൂർ ആദിഥ്യമരുളിയ സ്കൂൾ കലോത്സവം സംഘാടക മികവ് കൊണ്ടും കാണികളുടെ അന്തസ്സാർന്നതും മാന്യവുമായ പെരുമാറ്റം കൊണ്ടും ഏറെ ശ്രദ്ധ നേടി. ദിവസവും ആറായിരത്തോളം പേർ ഉച്ചഭക്ഷണത്തി
നെത്തിയിരുന്നുവെങ്കിലും തിക്കും തിരക്കുമൊന്നും ഉണ്ടായില്ല. കലോത്സവത്തിന്റെ നാലാം
ദിവസമായ ഇന്നലെ അത്യപൂർവ്വമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.വേദി ഒന്നിൽ നടന്ന കുച്ചുപൂടി, രണ്ടിൽ തിരുവാതിരക്കളി, ഏഴിൽ മിമിക്രി എന്നിവ അരങ്ങേറിയ വേദികൾ ജനനിബിഢമായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യമായി മത്സര ഇനങ്ങളായി ഉൾപ്പെടുത്തിയ ഗോത്രകലകളായ ഇരുള നൃത്തം , പാലിയ നൃത്തം, മംഗലം കളി, പണിയനൃത്തം എന്നിവ സദസ്സിന് പുതിയ അനുഭവമായി. ഇരുളനൃത്തവും പാലിയ നൃത്തവും ഇന്നലെയാണ് മത്സരവേദിയിലെത്തിയത്. സമാപന ദിവസമായ ഇന്ന് രാവിലെ വിവിധ വേദികളിലായി വഞ്ചിപ്പാട്ട്, ചവിട്ടുനാടകം, മോണോ ആക്ട് , സംഘഗാനം തുടങ്ങിയവ അരങ്ങേറും.