puzha
പാത്തിക്കലിൽ പുഴയുടെ സ്വഭാവിക ഒഴുക്ക് തടയപ്പെട്ട നിലയിൽ

മാഹി: മയ്യഴി പുഴയുടെ പല ഭാഗങ്ങളിലും വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടയപ്പെട്ടത് ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് തീരദേശ വാസികളും പുഴ സംരക്ഷണ പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു.
മയ്യഴി പുഴയുടെ ഉയർന്ന പ്രദേശമായ കടവത്തൂർ ഭാഗങ്ങളിൽ മഴക്കാലത്ത് വെള്ളം വൻതോതിൽ കെട്ടിക്കിടന്ന് അടുത്ത കാലത്ത് പുഴയുടെ തീരത്തുള്ള ബോട്ട് ജെട്ടികൾ മുങ്ങിപ്പോയിരുന്നു. പെരിങ്ങത്തൂർ, കക്കടവ്, ഒളവിലം, പാത്തിപ്പാലം, പ്രദേശവാസികൾ പുഴ കരകവിഞ്ഞ് മാറിത്താമസിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. മുൻകാലങ്ങളിലില്ലാത്ത വിധം മഴക്കാലത്ത് തുടർച്ചയായി വെള്ളം കയറിയുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നതിന്റെ കാരണം ശാസ്ത്രീയമായി കണ്ടെത്തേണ്ടതുണ്ട്.
പുഴക്ക് മുകളിലൂടെ ബൈപാസ് ഹൈവേ നിർമാണം നടക്കുന്ന സമയത്ത് 2019 ൽ പ്രളയം ഉണ്ടായപ്പോൾ, പുഴക്ക് കുറുകെ താത്ക്കാലികമായി ഉണ്ടാക്കിയ മൺഭിത്തി ഇടിച്ചു തള്ളി പുഴയിൽ ഇടുകയുണ്ടായി. ശേഷം വീണ്ടും തടഞ്ഞു നിർത്തി നിർമാണം പൂർത്തീകരിക്കുകയും, പിന്നെയും മണ്ണ് ഇളക്കി പുഴയിൽ തള്ളുകയുമായിരുന്നു. പല ഭാഗങ്ങളിലും സ്വകാര്യ വ്യക്തികൾ കണ്ടലുകൾ നശിപ്പിക്കുകയും, പുഴയുടെ തീരങ്ങൾ മണ്ണിട്ട് നികത്തുകയും ചെയ്തിട്ടുണ്ട്. ഹൈവേ നിർമ്മാണത്തിന്റെ മറവിൽ വൻതോതിൽ ടിപ്പറുകളിൽ മണ്ണ് കൊണ്ടുവന്ന് ഏക്ര കണക്കിന് ചതുപ്പ് നിലങ്ങളും മയ്യഴിപ്പുഴയിലേക്കുള്ള തോടുകളും നികത്തിയിട്ടുണ്ട്.

മണ്ണ് വന്നു നിറഞ്ഞു

പുതിയ ഹൈവേക്ക് തൊട്ടടുത്ത് നിൽക്കുന്ന റെയിൽവേ പാലത്തിന്നടിയിൽ മുഴുവൻ മണ്ണ് വന്നു നികന്നു കഴിഞ്ഞു.
ചല്ലത്തിന്റെ (മുള കോൽ )തോണി പോകുമ്പോൾ കുത്തിയാൽ എത്താത്ത സ്ഥലത്തു വേലി ഇറക്കത്തിന്
ഇപ്പോൾ തുഴഞ്ഞു പോകുന്ന തോണിയുടെ പങ്കായം താഴെ തട്ടുന്നുവെന്ന സ്ഥിതിയായിട്ടുണ്ടെന്ന് പറയുന്നു. അധികൃതരും
പുഴ സംരക്ഷണ സമിതി പ്രവർത്തകരും ഈ വിഷയം ഗൗരവത്തോടെ കാണേണ്ടതുണ്ട്.

പുതിയ ഹൈവേ നിർമ്മാണ ശേഷം മയ്യഴിപ്പുഴയിൽ ഉണ്ടായ മാറ്റങ്ങൾ പഠന വിധേയമാക്കേണ്ടതുണ്ട്. പരിഹാര നടപടികൾ ചെയ്തില്ലെങ്കിൽ, കനത്ത വില നൽകേണ്ടി വരും. വിദഗ്ദ്ധരടക്കമുള്ള സംയുക്ത സമിതി പഠന വിഷയമാക്കിയില്ലെങ്കിൽ, പുഴയുടെ ഭാവം മാറി ജന ജീവിതങ്ങളെ സാരമായി ബാധിക്കുമെന്നതിൽ തർക്കമില്ല.

പുഴ സംരക്ഷണ സമിതി ചെയർമാൻ ഷൗക്കത്ത്