കണ്ണൂർ: വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ 2025 നോടനുബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച വോട്ടർപട്ടിക നിരീക്ഷകൻ എസ്.ഹരികിഷോർ ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ നിരീക്ഷകൻ അറിയിച്ചു.
ജില്ലയിൽ പുതിയ ഒമ്പത് പോളിംഗ് സ്‌റ്റേഷനുകൾ അനുവദിച്ചതായും 14 പോളിംഗ് സ്‌റ്റേഷനുകളുടെ കെട്ടിടം/സ്ഥലം മാറ്റിയതായും യോഗത്തിൽ ജില്ലാ കളക്ടർ അരുൺ.കെ വിജയൻ അറിയിച്ചു. ഇതു പ്രകാരം ജില്ലയിൽ ആകെയുള്ള പോളിംഗ് ബൂത്തുകളുടെ എണ്ണം 1861ൽ നിന്നും 1870 ആയി ഉയർന്നു.
ജില്ലയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങളും ഷെഡ്യൂളും പാലിക്കുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ബി എൽ ഒ, ഇ ആർ ഒ, എ ഇആർ ഒ എന്നിവർക്കുള്ള പരിശീലനം പൂർത്തിയായി. കമ്മീഷനിൽ നിന്നും ഇതുവരെ ലഭിച്ച മുഴുവൻ തിരിച്ചറിയൽ കാർഡുകളും വിതരണം നടത്തി. ബിഎൽഒമാർ ഗൃഹ സന്ദർശനം പുർത്തിയാക്കി. താലൂക്ക്, വില്ലേജ് തലങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേരുകയും പോളിംഗ് സ്‌റ്റേഷൻ പുനഃക്രമീകരണം സംബന്ധിച്ച ചർച്ച നടത്തുകയും ചെയ്തു.
വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷമുള്ള അവകാശ വാദങ്ങളും ആക്ഷേപങ്ങൾ സ്വീകരിക്കലും തീർപ്പാക്കലും നവംബർ 28ഓടെ പൂർത്തിയാക്കുമെന്നും കലക്ടർ അറിയിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സബ്കളക്ടർ കാർത്തിക് പാണിഗ്രാഹി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.കെ.ബിനി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.ചന്ദ്രൻ (സി.പി.എം), സി.എം.ഗോപിനാഥൻ (ഐ.എൻ.സി), കെ.എം സപ്ന (സി.പി.ഐ), അനീഷ് കുമാർ (ബി.ജെ.പി), അഡ്വ. എം.പി.മുഹമ്മദലി (ഐ.യു.എം.എൽ), വി.കെ.ഗിരിജൻ (ആർ.ജെ.ഡി), ജോൺസൺ പി തോമസ് (ആർ.എസ്.പി), ലക്ഷ്മണൻ തുണ്ടിക്കോത്ത്, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.